കുനാൽ കമ്ര, ഉമർ ഖാലിദ് 

'എന്റെ പേര് ഉമർ ഖാലിദ്, അതുകൊണ്ടാണ് എന്നെ ഭീകരനെന്ന് വിളിക്കുന്നത്': തടവറയിൽ നിന്ന് ഉമറിന്റെ കുറിപ്പ് പങ്കുവെച്ച് കുനാൽ കമ്ര

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനാക്കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് വർഷങ്ങളായി ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് തടവറയിൽ നിന്ന് കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി പങ്കുവെച്ച കുറിപ്പുകൾ പുറത്തുവിട്ട് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുണാൽ കമ്ര. മാധ്യമങ്ങളുടെ വേട്ടയാടലുകൾ കാരണം ഉമറിന് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 'എക്സിൽ' ഉമർ ഖാലിദിന്റെ തന്നെ വാക്കുകളിലുള്ള തുറന്നെഴുത്ത് കമ്ര പങ്കുവെച്ചത്.

 

'എന്റെ പേര് ഉമർ ഖാലിദ്, ഞാൻ ഒരു ഭീകരവാദിയല്ല' എന്ന് പത്ത് വർഷം മുൻപ് താൻ പറഞ്ഞ വാചകം ഇന്ന് പഴഞ്ചനായെന്നും, 'എന്റെ പേര് ഉമർ ഖാലിദ്, അതുകൊണ്ടാണ് അവർ എന്നെ ഭീകരവാദിയെന്ന് വിളിക്കുന്നത്' എന്നതാണ് ഇന്നത്തെ പുതിയ യാഥാർത്ഥ്യമെന്നും ഉമർ ഖാലിദ് കുറിപ്പിൽ വ്യക്തമാക്കുന്നു. ഭരണകൂട വക്താക്കൾ തന്നെ ടെലിവിഷൻ ചാനലുകളിൽ 'ദേശീയ സുരക്ഷയ്ക്ക് ഭീഷണി'യായി ചിത്രീകരിക്കുമ്പോൾ, രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമ ഉദ്യോഗസ്ഥനായ അഡീഷണൽ സോളിസിറ്റർ ജനറൽ തന്റെ അക്കാദമിക് പശ്ചാത്തലം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ തന്നെ 'ഇന്റലക്ച്വൽ ടെററിസ്റ്റ്' (ബുദ്ധിജീവിയായ ഭീകരൻ) എന്ന് വിളിച്ചതും ഉമർ ഓർമിപ്പിച്ചു. 

ബോംബ് സ്ഫോടനമല്ല, അഹിംസയെക്കുറിച്ചുള്ള പ്രസംഗമാണ് 'ഭീകരപ്രവർത്തനം'

"ബോംബ് സ്ഫോടനമോ, വിമാനം റാഞ്ചലോ, തട്ടിക്കൊണ്ടുപോകലോ ആണോ ഞാൻ ചെയ്തത്? ഗാന്ധിയൻ മൂല്യങ്ങളായ അഹിംസയെയും സത്യാഗ്രഹത്തെയും കുറിച്ച് 2020 ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ ഒരു ചെറുപട്ടണത്തിൽ നടത്തിയ പ്രസംഗമാണ് എനിക്കെതിരെയുള്ള ഭീകരപ്രവർത്തനം! 'അക്രമത്തിന് അക്രമം കൊണ്ടല്ല, സ്നേഹം കൊണ്ടാണ് നമ്മൾ മറുപടി നൽകേണ്ടത്; ലാത്തി കൊണ്ടടിച്ചാൽ ത്രിവർണ പതാക ഉയർത്തും, വെടിയുതിർത്താൽ ഭരണഘടന ഉയർത്തിപ്പിടിക്കും; ജയിലിലടച്ചാൽ സാരേ ജഹാം സെ അച്ഛാ പാടി സന്തോഷത്തോടെ ജയിലിൽ പോകും' എന്നാണ് ഞാൻ പ്രസംഗിച്ചത്. ഈ വാക്കുകൾ കേട്ടിട്ട് എന്നിലെ ഭീകരനെ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ?"

പ്രസംഗം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ആയിരം കിലോമീറ്റർ അകലെയുള്ള ഡൽഹിയിൽ ഹിന്ദു-മുസ്‌ലിം കലാപം ആളിക്കത്തിച്ച വൻ ഗൂഢാലോചനയാണ് ഈ വാക്കുകളെന്നാണ് ഡൽഹി പോലീസിന്റെ വിചിത്ര വാദം. 

കപിൽ മിശ്രയ്ക്കും ഉമർ ഖാലിദിനും രണ്ട് നീതി

ഡൽഹി കലാപത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ റോഡുകൾ ഒഴിപ്പിച്ചില്ലെങ്കിൽ നിയമം കൈയിലെടുക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉമർ ചൂണ്ടിക്കാട്ടി.

 

"അദ്ദേഹം എന്തിന് അറസ്റ്റ് ചെയ്യപ്പെടണം? അദ്ദേഹത്തിന്റെ പേര് കപിൽ മിശ്ര എന്നാണ്, ഉമർ ഖാലിദ് എന്നല്ല! ഇന്നത്തെ ഇന്ത്യയിൽ ആ വ്യത്യാസം വളരെ വലുതാണ്. ഭരണകൂടത്തിന്റെ ഒത്താശയും, വിചാരണയില്ലാത്ത അനന്തമായ തടവറയും തമ്മിലുള്ള വ്യത്യാസമാണത്. ഭീഷണി മുഴക്കിയ നേതാവ് ഇപ്പോൾ ഡൽഹിയിൽ മന്ത്രിയായി സ്ഥാനക്കയറ്റം നേടിയിരിക്കുന്നു. ഇരുണ്ട ഡിസ്റ്റോപ്പിയൻ നോവലുകളിലെ സാങ്കൽപ്പിക കഥകൾ പോലെയാണ് എനിക്കെതിരെയുള്ള ആരോപണങ്ങൾ. കലാപത്തിൽ ഇരകളായ മുസ്‌ലിംകളെ കലാപത്തിന് പ്രേരിപ്പിച്ചു എന്നാണ് എനിക്കെതിരെയുള്ള കുറ്റം," അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. 

'വിചാരണ പോലുമില്ലാതെ തടവിലിടുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ?'

കോടതിമുറികളിൽ തെളിവുകൾ പരിശോധിക്കപ്പെടുകയോ സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യുകയോ ചെയ്യുന്ന ഒരു വിചാരണയ്ക്ക് പോലും തന്നെ ഇതുവരെ വിധേയനാക്കിയിട്ടില്ലെന്ന് ഉമർ പറയുന്നു. ജെ.എൻ.യുവിലെ രാജ്യദ്രോഹക്കേസ് മുതൽ ഇങ്ങോട്ട് 'താരീഖ് പേ താരീഖ്' (തീയതികൾക്ക് മേൽ തീയതികൾ) അല്ലാതെ ഒരു കോടതിയിലും വിചാരണ തുടങ്ങിയിട്ടില്ല. 

കോടതി വിചാരണയില്ലെങ്കിലും പ്രൈം ടൈം ന്യൂസ് ചാനലുകളിലെ മാധ്യമപ്പട ജഡ്ജിയും ജൂറിയും ആരാച്ചാരുമായി മാറി തനിക്കെതിരെ വിചാരണ നടത്തിക്കഴിഞ്ഞു. ഒരാളെ സ്വന്തം ഭാഗം വാദിക്കാൻ പോലും അവസരം നൽകാതെ കുറ്റക്കാരനാക്കാനും വിചാരണയില്ലാതെ അനന്തമായി തടവിലിടാനും സാധിക്കുമോയെന്നും, ഇതാണോ ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമെന്നും ഉമർ ചോദിക്കുന്നു. തന്റെ മോചനത്തിനായി സംഘടിപ്പിക്കുന്ന പുസ്തക ചർച്ചകളും ചലച്ചിത്ര പ്രദർശനങ്ങളും ഭരണകൂടത്തിന്റെ ആളുകൾ തടസ്സപ്പെടുത്തുന്നത്, താൻ സംസാരിച്ചാൽ അവരുടെ 'രാജ്യദ്രോഹി' എന്ന നുണ തകരുമെന്ന് ഭയന്നാണെന്നും ഉമർ ഖാലിദ് കൂട്ടിച്ചേർത്തു.

Tags:    
News Summary - 'My Name is Umar Khalid & That's Why They Call Me Terrorist': Activist's Letter Shared by Kunal Kamra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.