ഡൽഹി പൊലീസിന്റെ മർദനമേറ്റ ആതിര, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം വാർത്താ സമ്മേളനത്തിൽ
സമരക്കാരെ മർദിച്ച ഡൽഹി പൊലീസിനെതിരെ കേരള പൊലീസ് കേസെടുത്തു; ചുമത്തിയത് ഗുരുതര വകുപ്പുകൾ
തിരുവനന്തപുരം: ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ എൻ.എസ്.യു നേതാക്കൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ മർദനത്തിലും അതിക്രമത്തിലും തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. എൻ.എസ്.യു നേതാവ് ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിനെതിരെ ഈ അസാധാരണ നടപടി.
ഒക്ടോബർ 13-ന് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ക്രൂരമായി മർദിച്ചതായി ആതിരയടക്കമുള്ള എൻ.എസ്.യു നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. മർദനമേറ്റ എൻ.എസ്.യു നേതാക്കൾ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കൊപ്പമാണ് ഇന്നലെ വാർത്താസമ്മേളനം നടത്തിയത്.
പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴച്ചു കൊണ്ടുപോകുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തു. നാല് വനിതാപൊലീസുകാർ മാറിമാറി മുഖത്തടിക്കുകയും കൈകൾ പിന്നിലേക്ക് പിടിച്ച് തിരിക്കുകയും ചെയ്തു. ഇതിന് പുറമേ, കൈവശമുണ്ടായിരുന്ന ഫോൺ പിടിച്ചെടുത്ത് വലിച്ചെറിയുകയും ചെയ്തു. സ്വകാര്യഭാഗത്തും വയറ്റിനും ചവിട്ടുകയും ചെയ്തതായും ആതിര വെളിപ്പെടുത്തിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ഡി.ജി.പി രവാഡ ചന്ദ്രശേഖർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ എടുത്തുപറയാതെയാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണത്തിന് ശേഷമായിരിക്കും ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക. ബി.എൻ.എസ് 74, 76, 115, 117, 126, 296(b), 351(3) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. മറ്റൊരു സംസ്ഥാനത്ത് നടന്ന പൊലീസ് മർദനത്തിൽ കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് നിയമപരവും രാഷ്ട്രീയവുമായ ശ്രദ്ധ നേടുകയാണ്. അന്വേഷണത്തിന് ശേഷം ഡൽഹി പോലീസുകാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് ഇത് വഴിമാറുമോ എന്നത് വരും ദിവസങ്ങളിൽ നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.