ഒരേ ലക്ഷ്യം; സമരമുഖത്ത് സി.ജെ.പിയെ കൂടെനിർത്താൻ രാഹുൽ ഗാന്ധി: ക്ഷണം പ്രശാന്ത് ഭൂഷൺ വഴി
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധങ്ങളിൽ കോക്രോച്ച് ജനതാ പാർട്ടിയെ കൂടെനിർത്താൻ രാഹുൽ ഗാന്ധി. അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വഴിയാണ് സി.ജെ.പി നേതാക്കളെ സമീപിക്കാൻ രാഹുൽ ശ്രമം നടത്തിയത്.ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സഖ്യത്തിലെ നേതാക്കൾക്കും വിദ്യാർത്ഥി നേതാക്കൾക്കുമായി രാഹുൽ നടത്തിയ ചായസൽക്കാരത്തിലേക്ക് സി.ജെ.പി സ്ഥാപക നേതാവ് അഭിജീത് ദിപ്കെയെയും ക്ഷണിച്ചിരുന്നതായി റിപ്പോർട്ട്.
ദിപ്കെ മുംബൈയിലായിരുന്നതിനാൽ എത്താൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, യോഗത്തിൽ ഈ സംഘടനയെക്കുറിച്ച് ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം ഇപ്പോഴും സി.ജെ.പിയെ ആം ആദ്മി പാർട്ടിയുടെ ഒരു പോഷക സംഘടനയായാണ് കാണുന്നത്. അതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഈ നീക്കം. ഭരണഘടന സംരക്ഷിക്കുന്നതിനായി ഒത്തൊരുമിച്ച് നിൽക്കുന്ന എല്ലാ ശക്തികളെയും ഒരു കുടക്കീഴിൽ അണിനിരത്തണമെന്ന ഇന്ത്യ മുന്നണിയുടെയും രാഹുൽ ഗാന്ധിയുടെയും തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോർട്ടുണ്ട്.
ജന്തർമന്തറിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ അറസ്റ്റ് ചെയ്തതിനെതിരെ രാഹുൽ ഗാന്ധി ശക്തമായി രംഗത്തുവന്നിരുന്നു. ദേശീയ പതാകയേന്തി സമരം ചെയ്യുന്നത് കുറ്റമല്ലെന്നും, യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഈ പിന്തുണയ്ക്കും നിലപാടിനും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.സി.ജെ.പിയെക്കുറിച്ചുള്ള കോൺഗ്രസ് പാർട്ടിയുടെ നിലപാടിലെ മാറ്റത്തെയാണ് ഈ ക്ഷണം സൂചിപ്പിക്കുന്നത്.
പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും സി.ജെ.പിയുടെ പ്രക്ഷോഭങ്ങളും തമ്മിലുള്ള അതിരുകൾ ഇല്ലാതാക്കാൻ രാഹുൽ ഗാന്ധി തിങ്കളാഴ്ചയും നീക്കം നടത്തിയിരുന്നു. ഇവയെല്ലാം "ഒറ്റ പ്രതിഷേധമാണ്" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “എല്ലാ പ്രതിഷേധങ്ങളും ഒരേ പ്രതിഷേധമാണ്. സമാന്തരമായ പ്രതിഷേധങ്ങൾ ഒന്നുമില്ല. നിങ്ങൾ ആരാണെന്ന് ഞങ്ങൾ നോക്കുന്നില്ല,” സി.ജെ.പിയുടെ ശ്രമങ്ങളെ “പ്രതിഷേധിക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അതേസമയം, സി.ജെ.പി എന്ന് പേരെടുത്തു പറഞ്ഞിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.നേരത്തെ കോൺഗ്രസ് സി.ജെ.പിയെക്കുറിച്ച് സംശയത്തോടെയാണ് നോക്കിക്കണ്ടിരുന്നതെങ്കിലും, ടി.എം.സി, ഇടത് ബ്ലോക്ക് തുടങ്ങിയ പാർട്ടികൾ സി.ജെ.പിയുമായി പതിവ് ബന്ധം പുലർത്തുകയും അവർക്ക് പിന്തുണയും ഏകോപനവും നൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.