ന്യൂഡൽഹി: സൈബർ കുറ്റവാളികൾ ജനങ്ങളുടെ വൻ തുകകൾ തട്ടിയെടുക്കുന്ന പരാന്നഭോജികളാണെന്നും അവർ തുറുങ്കിൽ കഴിയണമെന്നത് സമൂഹത്തിന്‍റെ താൽപര്യമാണെന്നും സുപ്രീംകോടതി. സൈബർ തട്ടിപ്പു കേസിൽ തടവിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശക്തമായ നിരീക്ഷണം നടത്തിയത്. രാജ്യത്തിന്‍റെ പല കോണുകളിലുമുള്ള ജനങ്ങളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുക്കുന്ന സൈബർ കുറ്റവാളികളോട് കടുത്ത സമീപനം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സുധാൻഷു ധുലിയയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
വ്യാജ ബാങ്കിങ് പോർട്ടലുകൾ ഉണ്ടാക്കി പലരെ കബളിപ്പിച്ച് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ ജാമ്യ ഹരജിയാണ് കോടതി തള്ളിയത്. ഇത്തരം ഇത്തിക്കണ്ണികൾ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ ഡിജിറ്റൽ പണമിടപാടുകളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം തകർക്കുമെന്ന് കോടതി വിശദീകരിച്ചു.
ദീർഘകാലമായി ജയിലിൽ കഴിയുകയാണെന്നും കേസിലെ കൂട്ടു പ്രതികൾക്ക് ഇതിനകം ഹൈകോടതി ജാമ്യം നൽകിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പല സംസ്ഥാനങ്ങളിലായി വിപുലമായ തട്ടിപ്പ് നടത്തിയ സംഘത്തിലെ സൂത്രധാരനാണെന്ന് ബോധിപ്പിച്ചാണ് ഇയാളുടെ ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് എതിർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.