പുണെ: ദിവ്യശക്തിയുണ്ടെന്നുപറഞ്ഞ് കബളിപ്പിച്ച് വർഷങ്ങളോളം സ്ത്രീയെ ലൈംഗികമായും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്ത കേസിൽ ആൾദൈവം രാധാമോഹൻ മിശ്രയും കൂട്ടാളികളും അറസ്റ്റിൽ. ആറു സ്ത്രീകൾ ഉൾപ്പെടെ ഏഴു കൂട്ടാളികളെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ദീർഘകാലം ക്രൂര പീഡനങ്ങൾക്ക് ഇരയായ സ്ത്രീക്ക് പ്രതികൾ വൈദ്യുതാഘാതമേൽപിക്കുകയും ആൾദൈവത്തിന്റെ മൂത്രം കുടിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ലഭിച്ച പരാതിയെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ആൾദൈവം ഉൾപ്പെടെ എട്ടു പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികൾ ഇരയെ നിരന്തരം ലൈംഗിക പീഡനത്തിനും അപമാനത്തിനും അതിക്രമങ്ങൾക്കും ഇരയാക്കി. ബി.എൻ.എസിലെ സുപ്രധാന വകുപ്പുകളും മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന-ആഭിചാര വിരുദ്ധ നിയമപ്രകാരവുമാണ് കേസെടുത്തത്.
പരാതിയെ തുടർന്ന് പുണെയിലെ ഖരാഡി മേഖലയിലെ മിശ്രയുടെ ആശ്രമത്തിൽ നടത്തിയ തിരച്ചിലിൽ എട്ട് ലാപ്ടോപ്, 19 ഹാർഡ് ഡിസ്ക്, 10 ഡി.വി.ഡി, ഒമ്പതു മൊബൈൽ ഫോൺ, 20 കാസെറ്റ്, 23 പെൻഡ്രൈവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. കൂടാതെ 6.5 ലക്ഷത്തോളം രൂപയും 15 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണ-വെള്ളി ആഭരണങ്ങളും കണ്ടെടുത്തു.
‘ആധുനിക ഗുരുകുലം’ എന്ന പേരിൽ കുട്ടികളെ ആശ്രമത്തിൽ താമസിപ്പിക്കാൻ പ്രതികൾ രക്ഷിതാക്കളെ പ്രേരിപ്പിച്ചിരുന്നു. പകൽ സമയങ്ങളിൽ സ്കൂളുകളിലും കോളജുകളിലും പോയിരുന്ന കുട്ടികൾ രാത്രി ആശ്രമത്തിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ കുട്ടികൾ ശാരീരിക-മാനസിക ചൂഷണങ്ങൾക്ക് ഇരയായതായി ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.