ദലിതർക്കെന്താ ആർ.എസ്.എസിൽ കാര്യം? പ്രിയങ്ക് ഖാർഗെക്കെതിരെ ബി.ജെ.പി എം.പി

ബംഗളൂരു: ആർ.എസ്.എസ് നിയമപരമായ സംഘടനയായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി രമേശ് ജിഗജിനാഗി. വിജയപുരയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രമുഖ ദലിത് നേതാവ് കൂടിയായ പ്രിയങ്ക് ഖാർഗെയുടെ ജാതിയെ പരാമർശിച്ച് ജിഗജിനാഗി വിവാദ പ്രസ്താവന നടത്തിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ ദലിതനായ ഖാർഗെക്ക് എന്ത് യോഗ്യതയാണുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

'ഒരു ദലിത് വ്യക്തി ആർഎസ്എസിനെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തിന്? ആർഎസ്എസ് രജിസ്റ്റർ ചെയ്തതുകൊണ്ട് നിങ്ങൾക്കെന്ത് നേട്ടമാണുണ്ടാകുക? അത് ആഭ്യന്തര മന്ത്രിയുടെ പണിയല്ല. ആർഎസ്എസ് ഒരു ദലിതന് എങ്ങനെയാണ് പ്രസക്തമാകുന്നത്?' എന്നും രമേശ് ജിഗജിനാഗി ചോദിച്ചു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ആർ.എസ്.എസിനെ വെല്ലുവിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെതിരെ രംഗത്തുവന്നവർ ആരും ചരിത്രത്തിൽ രക്ഷപ്പെട്ടിട്ടില്ല എന്നായിരുന്നു എം.പിയുടെ ഭീഷണി കലർന്ന മുന്നറിയിപ്പ്.

പ്രിയങ്ക് ഖാർഗെയുടെ രാഷ്ട്രീയ വളർച്ചയെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പ്രാപ്തിയെയും എം.പി ചോദ്യം ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായതുകൊണ്ട് മാത്രമാണ് പ്രിയങ്ക് മന്ത്രിയായതെന്നും ആഭ്യന്തര മന്ത്രാലയം ഭരിക്കാനുള്ള ബൗദ്ധിക ശേഷി അദ്ദേഹത്തിനില്ലെന്നും ജിഗജിനാഗി ആരോപിച്ചു.

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് പ്രിയങ്ക് ഖാർഗെ അയച്ച തുറന്ന കത്താണ് ബിജെപി ക്യാമ്പിനെ ചൊടിപ്പിച്ചത്. സംഘടനയുടെ നിയമപരമായ പദവി, നേതൃത്വ ഘടന, ഫണ്ടിന്റെ സ്രോതസ്സുകൾ, ചെലവുകൾ, നികുതി വിവരങ്ങൾ, പൊതുപരിപാടികൾ നടത്താൻ വാങ്ങുന്ന അനുമതികൾ എന്നിവ പരസ്യമാക്കണമെന്നും ആർ.എസ്.എസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നും കത്തിലൂടെ ഖാർഗെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഇത്രയധികം സ്വാധീനമുള്ള ഒരു സംഘടന മറ്റ് ട്രസ്റ്റുകളെയും കമ്പനികളെയും എൻജിഒകളെയും പോലെ സുതാര്യമാകണമെന്നും പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു.

ആർ.എസ്.എസിന്റെ 2025–26 വാർഷിക റിപ്പോർട്ടിലെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു ഖാർഗെയുടെ ചോദ്യങ്ങൾ. കർണാടകയിൽ മാത്രം 4,127 ദൈനംദിന ശാഖകളും, 1,389 പ്രതിവാര കൂട്ടായ്മകളും, 60 പ്രതിമാസ മണ്ഡലികളും, 2,194 സമാജോത്സവങ്ങളും, 562 റൂട്ട് മാർച്ചുകളും സംഘടന നടത്തുന്നുണ്ടെന്ന് ഖാർഗെ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്രയും വിപുലമായ ശൃംഖലയുള്ള ഒരു സംഘടന അതിന്റെ സാമ്പത്തിക സ്രോതസ്സുകൾ വ്യക്തമാക്കണമെന്ന ഖാർഗെയുടെ ആവശ്യമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. ഭരണഘടനാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ബി.ജെ.പി നേതാവിന്റെ കടുത്ത ജാതി അധിക്ഷേപങ്ങൾക്ക് കാരണമായത്.

Tags:    
News Summary - What's the business of Dalits in RSS? BJP MP against Priyanka Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.