ദിയോറിയ (ഉത്തർപ്രദേശ്): ഹുർമുസിൽ ഒമാൻ തീരത്തിന് സമീപം കപ്പലിനുനേരെ യു.എസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യൻ നാവികരിൽ ഒരാളായ യു.പി സ്വദേശി ശിവാനന്ദ് ചൗരാസിയുടെ മൃതദേഹം സംസ്കരിക്കാതെ കുടുംബത്തിന്റെ പ്രതിഷേധം.
കുടുംബത്തിന്റെ അത്താണിയായ ശിവാനന്ദിന്റെ മൃതദേഹം ബുധനാഴ്ച ജന്മനാടായ ഗോരഖ്പുരിനടുത്ത സുരൗലി ഗ്രാമത്തിലെ വീട്ടിലെത്തിച്ചപ്പോളാണ്, ധനസഹായവും ആശ്രിതർക്ക് ജോലിയുമടക്കം നൽകുമെന്ന ഉറപ്പ് ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് ഒരു കോടി രൂപ വീതം ധനസഹായവും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നുമായിരുന്നു ആവശ്യം. കൂടാതെ ശിവാനന്ദിന് രക്തസാക്ഷി പദവി നൽകണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാൽ മൃതദേഹം ഏറെനേരം ആംബുലൻസിൽ തന്നെ തുടർന്നു. ശേഷം ജില്ല മജിസ്ട്രേറ്റ് നിവേദനം സ്വീകരിച്ച് നടപടികൾ ഉറപ്പുനൽകിയതിനെ തുടർന്നാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്. വിദേശ ഷിപ്പിങ് കമ്പനിയുടെ ടാങ്കറിൽ എൻജിൻ ഫിറ്ററായിരുന്നു ശിവാനന്ദ്. ജൂൺ 10നാണ് പലാവു പതാകയേന്തിയ ‘സെറ്റിബെല്ലോ’ എന്ന ടാങ്കറിനുനേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയത്.
കുടുംബത്തെ ഫോണിൽ വിളിച്ച് രാഹുൽ
ന്യൂഡൽഹി: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേർക്കുണ്ടായ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ നാവികൻ ശിവാനന്ദ് ചൗരസ്യയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തുനൽകുമെന്ന് ഉറപ്പുനൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അജയ് കുമാർ ലല്ലുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം യു.പിയിലെ ദിയോറിയ ജില്ലയിലുള്ള ശിവാനന്ദിന്റെ വസതി സന്ദർശിച്ച് കുടുംബത്തിന് രാഹുൽ ഗാന്ധിയുമായി ഫോണിൽ ബന്ധപ്പെടാൻ അവസരം ഒരുക്കുകയായിരുന്നു. കുടുംബത്തിന്റെ അവസ്ഥ അതീവ ദയനീയമാണെന്നും എട്ട് ലക്ഷം രൂപയോളം കടമെടുത്താണ് ശിവാനന്ദ് ജോലിക്ക് പോയതെന്നും അജയ് കുമാർ ലല്ലു വ്യക്തമാക്കി.
തങ്ങളോട് സംസാരിച്ച രാഹുൽ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ശിവാനന്ദിന്റെ ഭാര്യക്ക് സർക്കാർ ജോലി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് കത്തയക്കുമെന്ന് ഉറപ്പുനൽകിയതായും സഹോദരൻ രാംപ്രവേശ് ചൗരസ്യ പറഞ്ഞു. വിദേശശക്തിയുടെ ആക്രമണത്തിൽ ഒരു പൗരൻ കൊല്ലപ്പെട്ടിട്ടും സർക്കാറിൽനിന്നും ആരും കുടുംബത്തെ സന്ദർശിക്കാൻ തയാറായില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ശിവാനന്ദിന് രക്തസാക്ഷി പദവി നൽകുക, കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും ആശ്രിതർക്ക് സർക്കാർ ജോലിയും അനുവദിക്കുക, ശിവാനന്ദ് എടുത്ത വായ്പകൾ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും കോൺഗ്രസ് മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.