നോട്ട് അസാധു: തീരുമാനങ്ങളെല്ലാം മണിക്കൂറുകളുടെ വ്യത്യാസത്തില്‍

ന്യൂഡല്‍ഹി: നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം, ബന്ധപ്പെട്ട കേന്ദ്രമന്ത്രിസഭാ തീരുമാനം, റിസര്‍വ് ബാങ്ക് കേന്ദ്രബോര്‍ഡ് യോഗം എന്നിവ നടന്നത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. നോട്ട് അസാധുവാക്കല്‍ മുന്നൊരുക്കമില്ലാതെ ധിറുതിപിടിച്ച് നടപ്പാക്കിയതാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. ഒരു ഇംഗ്ളീഷ് ദിനപത്രം വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്കിനു നല്‍കിയ ചോദ്യാവലിക്കുള്ള മറുപടിയിലാണ് ബാങ്കിന്‍െറ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗം നവംബര്‍ എട്ടിന് നടന്നതായി പറയുന്നത്.

യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മന്ത്രിസഭായോഗം നടന്നു. ഈ യോഗത്തിലാണ് കാബിനറ്റ് മന്ത്രിമാര്‍പോലും നോട്ട് അസാധുവാക്കല്‍ വിവരം അറിഞ്ഞത്. യോഗത്തിലേക്ക് പോകുന്നതിനുമുമ്പ് മൊബൈല്‍ ഫോണ്‍ പുറത്തുവെക്കണമെന്ന് അവര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. പ്രധാനമന്ത്രി ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു തീരുന്നതുവരെ അവരെ പുറത്തിറക്കിയതുമില്ല. 10 ബോര്‍ഡ് അംഗങ്ങളില്‍ എട്ടുപേര്‍ മാത്രമാണ് പങ്കെടുത്തത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ആര്‍. ഗാന്ധി, എസ്.എസ്. മുന്ദ്ര, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ബില്‍ഗേറ്റ്സ്-മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്‍ കണ്‍ട്രി ഡയറക്ടര്‍ നചികേത് എം. മോര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വിസസ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ ഭരത് നരോത്തം ദോഷി, ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറി സുധീര്‍ മങ്കട്, സാമ്പത്തിക സേവനവിഭാഗം സെക്രട്ടറി അഞ്ജുലി ചിബ് ദുഗ്ഗല്‍ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്. നോട്ട് പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്യേണ്ടത് റിസര്‍വ് ബാങ്കാണ്. ഇതിന് ബാങ്കിന്‍െറ കേന്ദ്ര ബോര്‍ഡ് ചേരണം. കേന്ദ്രമന്ത്രിസഭ റിസര്‍വ് ബാങ്ക് ശിപാര്‍ശ അംഗീകരിക്കണം. അതിനുശേഷമാണ് നടപടി.

എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരം റിസര്‍വ് ബാങ്ക് ധിറുതിപിടിച്ച് തീരുമാനമെടുത്ത് സര്‍ക്കാറിന് ശിപാര്‍ശ കൈമാറുകയാണ് ചെയ്തതെന്ന സൂചനയാണ് പുറത്തുവരുന്നത്. റിസര്‍വ് ബാങ്കിന്‍െറ മുന്‍ ഗവര്‍ണര്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന്‍െറ ധനകാര്യ സ്ഥിരംസമിതി യോഗത്തില്‍ ഈ സംശയം പ്രകടിപ്പിച്ചിരുന്നു.

നോട്ട് പിന്‍വലിക്കുന്നതിനെക്കുറിച്ച കൂടിയാലോചന നേരത്തെ നടന്നിട്ടുണ്ട്. എന്നാല്‍ നടപ്പാക്കണോ, എന്നത്തേക്ക് നടപ്പാക്കും തുടങ്ങിയ കാര്യങ്ങളില്‍ ധാരണയുണ്ടായിരുന്നില്ല. ഏതൊക്കെ നോട്ട് അസാധുവാക്കുമെന്ന കാര്യത്തിലും ധാരണയുണ്ടായിരുന്നില്ളെന്നാണ് സൂചന. 4.94 ലക്ഷം രൂപക്കുള്ള 2000ത്തിന്‍െറ പുതിയ നോട്ട് നവംബര്‍ എട്ടിനുമുമ്പ് അച്ചടിച്ചിരുന്നു. എന്നാല്‍, 500ന്‍െറ പുതിയ നോട്ട് കാര്യമായി അടിച്ചിരുന്നില്ല.
റിസര്‍വ് ബാങ്കിന്‍െറ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡില്‍ 21 അംഗങ്ങളാണ് നിയമപ്രകാരം വേണ്ടത്. ഇതില്‍ 14 പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. എന്നാല്‍, പകുതിപോലും അംഗങ്ങളിപ്പോള്‍ ബോര്‍ഡിലില്ല. നോട്ട് അസാധുവാക്കല്‍ തീരുമാനം എടുത്തത് അങ്ങേയറ്റം ക്രമവിരുദ്ധമായ രീതിയിലാണെന്ന് റിസര്‍വ് ബാങ്കിലെ ഉന്നതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതം കുറക്കാന്‍ സര്‍ക്കാറോ റിസര്‍വ് ബാങ്കോ മതിയായ നടപടി സ്വീകരിച്ചില്ളെന്നും അവര്‍ പറയുന്നു.

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.