കള്ളപ്പണ വേട്ട തുടരുന്നു; റെയില്‍വേ ഉദ്യോഗസ്ഥനും അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും തുടരുന്ന പരിശോധനയില്‍ ശനിയാഴ്ചയും വന്‍ തുകയുടെ കള്ളപ്പണം പിടികൂടി. അനധികൃതമായി മാറ്റിയെടുത്ത പുതിയ നോട്ടും അസാധു നോട്ടും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മുംബൈയില്‍ 8.22 ലക്ഷം രൂപയുടെ അസാധുനോട്ടിന് പകരം പുതിയ നോട്ട് നല്‍കിയ റെയില്‍വേ ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലെ അസിസ്റ്റന്‍റ് കമേഴ്സ്യല്‍ മാനേജര്‍ കെ.എല്‍. ഭോയാറാണ് പിടിയിലായത്. അസാധുനോട്ട് സ്വീകരിച്ച് പകരം 2000 രൂപയുടെയും 100 രൂപയുടെയും നോട്ടുകളാണ് ഇയാള്‍ നല്‍കിയത്. ഇയാളുടെ ഓഫിസിലും വീട്ടിലും സി.ബി.ഐ റെയ്ഡ് നടത്തി.

അനധികൃതമായി മാറ്റിയെടുത്ത നാലുലക്ഷം രൂപയുടെ പുതിയനോട്ടുകളുമായി നാലുപേരെ ഉത്തര്‍പ്രദേശിലെ ബഹ്റായ്ച് ജില്ലയില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് പിടികൂടി. നേപ്പാള്‍ കറന്‍സിയും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 4.77 ലക്ഷം രൂപയുടെ പുതിയ നോട്ടും 76,000 രൂപയുടെ നേപ്പാള്‍ കറന്‍സിയും പിടികൂടിയതായി ജില്ല പൊലീസ് സൂപ്രണ്ട് സാലിഗ്രാം വര്‍മ പറഞ്ഞു. 63,000 രൂപയുടെ അസാധുനോട്ടും പിടിച്ചെടുത്തു.
തമിഴ്നാട്ടിലെ ഈറോഡില്‍ 36.9 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളുമായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ കാറില്‍നിന്നാണ് പണം പിടിച്ചത്. ശക്തിവേല്‍, മനോജ്, സുരേഷ് സെന്തില്‍ കുമാര്‍, ശബരി എന്നിവരാണ് പിടിയിലായത്.  

പഞ്ചാബിലെ മൊഹാലിയില്‍ തയ്യല്‍ സ്ഥാപനത്തില്‍നിന്ന് 30 ലക്ഷം രൂപയും 2.5 കിലോ സ്വര്‍ണവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മൊഹാലിയിലും ചണ്ഡിഗഢിലുമുള്ള മഹാരാജ ടെയ്ലര്‍ എന്ന സ്ഥാപനത്തില്‍നിന്നാണ് പണം പിടികൂടിയത്. 18 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും ബാക്കി തുകയുടെ 100, 50 രൂപ നോട്ടുകളുമാണ് പിടിച്ചത്. നോട്ടുകള്‍ എങ്ങനെയാണ് മാറ്റിയെടുത്തതെന്നും ആരില്‍നിന്നാണ് സ്വര്‍ണം വാങ്ങിയതെന്നും പരിശോധിച്ച് വരുകയാണ്. നോട്ട് അസാധുവാക്കിയതിനുശേഷം ടെയ്ലറിങ് സ്ഥാപനത്തിന്‍െറ ഉടമകള്‍ 10 ഗ്രാമിന് 44,000 രൂപ നിരക്കില്‍ 2.5 കിലോ സ്വര്‍ണം വാങ്ങിയെന്ന് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ പറഞ്ഞു.

നാലുദിവസം മുമ്പ് മൊഹാലിയിലെ വസ്ത്രവ്യാപാരിയായ ഇന്ദര്‍പാല്‍ മഹാജനില്‍നിന്ന് 2.19 കോടി രൂപ പിടികൂടിയിരുന്നു. ഇയാള്‍ക്ക് കമീഷന്‍ അടിസ്ഥാനത്തില്‍ പുതിയ നോട്ട് മാറ്റിനല്‍കിയ സ്വകാര്യ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചണ്ഡിഗഢ് പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ കണക്കില്‍പ്പെടാത്ത 4.4 ലക്ഷം രൂപ പിടികൂടി. 2000 രൂപയുടെ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഗംപാലഗുഡം മണ്ഡലിലെ ഗൊസവീട് ഗ്രാമത്തില്‍നിന്നാണ് പണവുമായി നാലുപേരെ പിടികൂടിയത്.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.