നോട്ട് റേഷനും മുടങ്ങുന്നു; ബാങ്ക് ശാഖകള്‍ പൂട്ടലിന്‍െറ വക്കില്‍

ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കി മൂന്നാഴ്ച പിന്നിട്ടപ്പോള്‍ നോട്ടുക്ഷാമത്തെ തുടര്‍ന്ന് ബാങ്കു ശാഖകള്‍ അടച്ചുപൂട്ടലിന്‍െറ വക്കില്‍. ബാങ്ക് അക്കൗണ്ടിലേക്ക് നവംബറിലെ ശമ്പളവും പെന്‍ഷനും എത്തിയിട്ടുണ്ടെങ്കിലും അതിലൊരു പങ്ക് പണമാക്കി മാറ്റി വീട്ടാവശ്യം നടത്താന്‍ പ്രയാസപ്പെടുന്നവരുടെ രോഷം പൊട്ടിത്തെറിയോളം എത്തിയിരിക്കുകയുമാണ്. സ്വന്തം അക്കൗണ്ടിലെ പണത്തില്‍നിന്ന് പിന്‍വലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിച്ചു നല്‍കിവന്ന ‘റേഷന്‍ നോട്ടും’ കിട്ടാനില്ല. സര്‍ക്കാറിന്‍െറയും റിസര്‍വ് ബാങ്കിന്‍െറയും സിരാകേന്ദ്രമായ ഡല്‍ഹിയില്‍പോലും സ്ഥിതി സങ്കീര്‍ണമാണ്.

ശമ്പള, പെന്‍ഷന്‍ തുകയില്‍ നല്ളൊരു പങ്ക് ഒരാഴ്ചത്തേക്ക് ഫലത്തില്‍ അസാധുവായ ബാങ്ക് ബാലന്‍സായി മാറിയിരിക്കുകയാണ്.  ചെക്കു കൊടുത്ത് 24,000 രൂപ വരെ ആഴ്ചയില്‍ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് പറയുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ ബുധനാഴ്ച പല ബാങ്കുകളും ഇടപാടുകാരെ മുഴുവന്‍ അകത്തു കയറ്റിയില്ല. 24,000 രൂപ മുഴുവനായി പിന്‍വലിക്കാന്‍ കഴിഞ്ഞവര്‍ വിരളം.

ഓരോ ബാങ്കും തങ്ങളുടെ പക്കലുള്ള റൊക്കം പണത്തിന് ആനുപാതികമായി ഇടപാടുകാര്‍ക്ക് കുറഞ്ഞ തുക വിതരണം ചെയ്യുകയാണ് ഉണ്ടായത്. ഇതിനിടയില്‍ പോലും എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ തുടര്‍ന്നു. രാജ്യമാകെ ഈ അവസ്ഥ തുടരുകയാണ്. അക്കൗണ്ട് ഉടമ നേരിട്ട് ഹാജരായി ചെക്കു നല്‍കാതെ പണം പിന്‍വലിക്കാന്‍ പ്രയാസമാണ്. മറ്റൊരാള്‍ മുഖേനയാണ് ചെക്ക് മാറാന്‍ ശ്രമിക്കുന്നതെങ്കില്‍ ഇടപാടുകാരന്‍െറയും പണം വാങ്ങുന്നയാളിന്‍െറയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് നല്‍കണം. ചെക്കിനു പുറമെ, മറ്റൊരാളെ ചുമതലപ്പെടുത്തുന്നുവെന്ന കത്തും നല്‍കണം. ഏറ്റവുമേറെ പ്രയാസപ്പെടുന്നത് ഓണ്‍ലൈന്‍ സാങ്കേതികവിദ്യ വശമില്ലാത്ത പെന്‍ഷന്‍കാരാണ്.

ജന്‍ധന്‍ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക പ്രതിമാസം 10,000 രൂപയായി റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജീര്‍ണിച്ചതിനാല്‍ പിന്‍വലിച്ച പഴയ നോട്ടുകള്‍ പൊടിതട്ടിയെടുത്ത് ചില ബാങ്കുകളില്‍ എത്തിച്ചിട്ടുണ്ട്. എണ്ണുന്ന ജീവനക്കാരെ തുമ്മിക്കുന്ന നോട്ടുകളാണ് ഇവയെന്ന് യൂനിയനുകള്‍ പരാതിപ്പെടുന്നു.  

പുതിയ 2000 രൂപ, 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ പാകത്തില്‍ എ.ടി.എമ്മുകളില്‍ സോഫ്റ്റ്വെയര്‍ ക്രമീകരണം മാറ്റുന്ന നടപടി എവിടെയുമത്തെിയിട്ടില്ല. രണ്ടേകാല്‍ ലക്ഷം എ.ടി.എമ്മുകള്‍ രാജ്യത്തുണ്ട്. ആദ്യദിവസങ്ങളില്‍ 22,500 എ.ടി.എമ്മുകള്‍ നേരെയാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും ബഹുഭൂരിപക്ഷം എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയാണ്.

പിന്‍വലിച്ച കറന്‍സിയുടെ പത്തിലൊന്നുപോലും പുതിയ നോട്ടായി മാറ്റിനല്‍കാന്‍ മൂന്നാഴ്ചക്കിടയില്‍ റിസര്‍വ് ബാങ്കിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിസന്ധി നീങ്ങാന്‍ സമയമെടുക്കും. 14.50 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് അസാധുവാക്കിയത്. നവംബര്‍ 10 മുതല്‍ 27 വരെ കൗണ്ടര്‍വഴിയും എ.ടി.എം വഴിയും നല്‍കിയത് 2.16 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍മാത്രം. ഇതുവരെ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട അസാധു നോട്ടുകളാകട്ടെ, 8.11 ലക്ഷം കോടി.

 

Tags:    
News Summary - currency crysis banks closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.