ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണം ശക്തം; ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളർ കടന്നു
ന്യൂഡല്‍ഹി: ഹുർമുസിൽ ആക്രമണങ്ങളിൽ ആഗോള എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളറിന് മുകളിലെത്തി.
മേഖലയിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാകുകയും ഹുർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പരിമിതപ്പെടുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 107.70 ഡോളറിലെത്തി. ഇത് മെയ് 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. തുടർച്ചയായ അഞ്ചാം ദിവസമാണ് വില വർധിക്കുന്നത്. യു.എസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102.50ഡോളറിലെത്തി
യമനിലെ ചെങ്കടൽ തീര നഗരമായ മോച്ചയുടെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യകൾ പിടിച്ചെടുത്തു. ഈ നീക്കത്തിലൂടെ തന്ത്രപ്രധാനമായ ബാബ് എൽ-മന്തെബ് കടലിടുക്കിന് കൂടുതൽ അടുത്തേക്ക് എത്താൻ ഹൂതികൾക്ക് സാധിച്ചിരിക്കുകയാണ്. ബാബ് എൽ-മന്തെബ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഇത് പുതിയ ഭീഷണിയുയർത്തുന്നുണ്ട്.
പേർഷ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായതിനെ തുടർന്ന് ഈ ആഴ്ച ആദ്യം ബ്രെന്റ് ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നിരുന്നു. ഇന്ധനവില വർധിക്കുന്നത് പണപ്പെരുപ്പ ആശങ്കകൾ ഉയർത്തുകയും ഉപഭോക്താക്കളുടെ മേൽ സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. എണ്ണ വിതരണത്തിലെ നീണ്ടുനിൽക്കുന്ന തടസങ്ങൾ സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള ഭീതി വിപണിയിൽ വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൂഡ് ഓയിൽ വിലയിലുണ്ടായ വലിയ മാറ്റങ്ങൾക്ക് ശേഷമാണ് പുതിയ വിതരണ ആശങ്കകൾ ഉയർന്നിരിക്കുന്നത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 70 മുതൽ 120 ഡോളർ വരെ ഉയർന്നിരുന്നു. ജൂലൈയിൽ വില വീണ്ടും 72 മുതൽ 102 ഡോളർ വരെ മാറിമറിഞ്ഞു. പേർഷ്യൻ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുന്ന ടാങ്കറുകൾക്ക് സുരക്ഷിതമായി എണ്ണ പുറത്തെത്തിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തുമെന്ന പ്രതീക്ഷകളെ തുടർന്നായിരുന്നു ഇത്.
അതേസമയം, യു.എസ് അഞ്ച് ഇറാനിയൻ എണ്ണ ടാങ്കറുകൾ ആക്രമിച്ചതിന് പിന്നാലെ ബുധനാഴ്ച ഹുർമുസ് കടലിടുക്കിന് സമീപം 10 കപ്പലുകൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇനിയും ആക്രമണങ്ങളുണ്ടായാൽ കടുത്ത മറുപടി നൽകുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
2026ലെ ആഗോള എണ്ണ ആവശ്യകതയുടെ വളർച്ചാ പ്രവചനം ഒപെക് വ്യാഴാഴ്ച പ്രതിദിനം 380,000 ബാരലായി കുറച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ഒപെക് പ്രവചനം താഴേക്ക് തിരുത്തുന്നത്. ആഗസ്റ്റിൽ ഒപെകിന്‍റെ എണ്ണ ഉൽപ്പാദനത്തിൽ പ്രതിദിനം 640,000 ബാരലിന്റെ കുറവാണുണ്ടായത്. ഇറാനിലെ യുദ്ധം കാരണം സൗദി കയറ്റുമതിയിൽ പുതിയ തടസങ്ങൾ നേരിട്ടതും യുഎസ് ഉപരോധം ഇറാന്റെ കയറ്റുമതി കുറച്ചതുമാണ് ഇതിന് കാരണം.
ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി യു.എസും ഇറാനും തർക്കം തുടരുമ്പോൾ എണ്ണ പൈപ്പ് ലൈനുകൾ പേർഷ്യൻ ഉൾക്കടലിലെ ഊജ ഗതാഗതത്തിന് പകരം വഴികൾ ഒരുക്കുന്നതോടെ രണ്ട് വർഷത്തിനുള്ളിൽ ഈ പ്രധാന ജലപാതയുടെ പ്രാധാന്യം വലിയ തോതിൽ കുറയുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ഈ മാസം ആദ്യം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.