ഇന്ത്യയുടെ ആണവശേഖരത്തിൽ 190 പോർമുനകളെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: ഇന്ത്യയുടെ ആണവശേഖരത്തിൽ ഏകദേശം 190 ആണവ പോർമുനകൾ ഉണ്ടെന്ന് യു.എസ് ആസ്ഥാനമായ ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് (എഫ്.എ.എസ്) റിപ്പോർട്ട്. നിർമാണത്തിലിരിക്കുന്ന പുതിയ മിസൈലുകൾക്കായുള്ള 30 പോർമുനകളുൾപ്പെടെയാണിത്.
പൊതുസ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ, വാണിജ്യ ഉപഗ്രഹ ചിത്രങ്ങൾ, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക വിവരങ്ങൾ എന്നിവ സംയോജിപ്പിച്ചുള്ള വിശകലനത്തിന്റെ അടിസ്ഥാനത്തിൽ എഫ്.എ.എസ് ന്യൂക്ലിയർ ഇൻഫർമേഷൻ പ്രോജക്ട് ഡയറക്ടർ ഹാൻസ് ക്രിസ്റ്റൻസൻ ആണ് ‘ഇന്ത്യാസ് ന്യൂക്ലിയർ വെപൺസ് 2026’ എന്ന റിപ്പോർട്ട് തയാറാക്കിയത്.
ഇന്ത്യ ആണവശേഖരം തുടർച്ചയായി നവീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിരവധി പുതിയ ആയുധ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിലുള്ള ആണവശേഷിയുള്ള വിമാനങ്ങൾ, കര അധിഷ്ഠിത വിക്ഷേപണ സംവിധാനങ്ങൾ, കടലിൽനിന്നുള്ള വിക്ഷേപണ സംവിധാനങ്ങൾ എന്നിവക്ക് പുറമെയാണിത്.
ഇന്ത്യ 140 മുതൽ 225 വരെ ആണവ പോർമുനകൾക്ക് ആവശ്യമായ സൈനിക പ്ലൂട്ടോണിയം ഉൽപാദിപ്പിച്ചിട്ടുണ്ടാകാമെന്നും അതിൽ 190 വരെ പോർമുനകൾ കൂട്ടിച്ചേർത്തിട്ടുണ്ടാകാമെന്നുമാണ് എഫ്.എ.എസ് റിപ്പോർട്ട് പറയുന്നത്. കൂടുതൽ ആയുധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാൽ രാജ്യത്തിന്റെ ആണവ പോർമുന ശേഖരം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.