കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: 18 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന ഹരജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികളുടെ പ്രായവും മാതാപിതാക്കളുടെ സമ്മതവും ഉറപ്പാക്കുന്നതിന് ഫലപ്രദമായ സംവിധാനം വേണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഐ.ടി ചട്ടങ്ങളിൽ ഭേദഗതിയോ പ്രത്യേക മാർഗനിർദേശങ്ങളോ കൊണ്ടുവരണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് ആണ് പൊതുതാൽപര്യ ഹരജി നൽകിയത്.

18 വയസ്സിന് താഴെയുള്ള കുട്ടികൾ ഏർപ്പെടുന്ന ഏതൊരു കരാറും തുടക്കത്തിൽ തന്നെ അസാധുവാണെന്നും അത്തരം കരാറുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ അറിയിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

18 വയസ്സിന് താഴെയുള്ളവർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെ സമ്മതം ഉറപ്പാക്കണം. ചില സാഹചര്യങ്ങളിൽ ഇ കെവൈസി പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു. നിലവിൽ പല പ്ലാറ്റ്‌ഫോമുകളിലും ജനനത്തീയതി സ്വയം രേഖപ്പെടുത്തുന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രായപരിശോധന മാത്രമാണ് പ്രധാനമായും നടക്കുന്നതെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ സ്വകാര്യത, സുരക്ഷ, മാനസികവും ശാരീരികവുമായ വളർച്ച, അന്തസ്സ് എന്നിവ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് ഹരജിയിൽ പറയുന്നു. നിലവിലെ ഐ.ടി ചട്ടങ്ങൾ ഭേദഗതി ചെയ്യുകയോ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷക്കായി പ്രത്യേക മാർഗനിർദേശങ്ങൾ കൊണ്ടുവരികയോ വേണമെന്നാണ് ഹരജിയിലെ മറ്റൊരു ആവശ്യം. ഇന്ത്യയിൽ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്നും ഡിജിറ്റൽ പരിതസ്ഥിതിയിൽ കുട്ടികളെ സംരക്ഷിക്കുന്നതിന് ചില ഫയർവാളുകൾ ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.

Tags:    
News Summary - SC Notice to Centre on Social Media Safeguards for Minors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.