ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; റഷ്യ, ചൈന പ്രസിഡന്റുമാർ എത്തുന്നു
ന്യൂഡൽഹി: പശ്ചിമേഷ്യൻ, യുക്രെയ്ൻ-റഷ്യ യുദ്ധങ്ങളുടെ കാർമേഘങ്ങൾക്കിടയിൽ ബ്രിക്സ് ഉച്ചകോടിക്ക് ശനിയാഴ്ച ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് പുറമെ ആറ് രാജ്യങ്ങൾ കൂടി അടങ്ങുന്ന രാഷ്ട്ര കൂട്ടായ്മയുടെ ഉച്ചകോടിക്ക് ഇന്ദ്രപ്രസ്ഥം ഒരുങ്ങി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന (ബ്രിക്) രാജ്യങ്ങളുടെ കൂട്ടായ്മയിൽ പിന്നീട് ദക്ഷിണാഫ്രിക്ക കൂടി വന്നതോടെ ബ്രിക്സ് ആയി മാറുകയായിരുന്നു. അതിന് ശേഷം ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, യു.എ.ഇ, ഇന്തോനേഷ്യ എന്നിവയെ കൂടി കൂട്ടി ബ്രിക്സ് വിപുലീകരിച്ച് ‘ഗ്ലോബൽ സൗത്തി’നെ പ്രതിനിധാനം ചെയ്യുന്നതാക്കി. പൂർണ അംഗത്വം സ്വീകരിക്കാത്ത പ്രതിനിധിയായി സൗദി അറേബ്യയും കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈന പ്രസിഡന്റ് ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഷി ജിൻപിങ് നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. സന്ദർശന വേളയിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയേക്കും. 2014 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം. പിന്നീട് 2016ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും 2019ൽ ചെന്നൈക്കടുത്തുള്ള മാമല്ലപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കും അദ്ദേഹം എത്തി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സെപ്റ്റംബർ 11ന് ഇന്ത്യയിലെത്തും. ഇരു നേതാക്കളും പാലം വ്യോമസേനാ താവളത്തിൽ വിമാനമിറങ്ങി ചാണക്യപുരി മേഖലയിലെ ഹോട്ടലുകളിലേക്ക് പോകും. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും വെള്ളിയാഴ്ച ന്യൂഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ഈ മാസം ബിഷ്കെക്കിൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്ന മോദി അനന്തമായ യുദ്ധത്തിൽനിന്ന് യുദ്ധത്തിന്റെ അന്ത്യത്തിലേക്ക് നീങ്ങാൻ അഭ്യർഥിച്ചിരുന്നു.
ഇറാനിലെ മസ്ഊദ് പെസഷ്കിയാൻ, ദക്ഷിണാഫ്രിക്കയിലെ സിറിൽ റമഫോസ, ഈജിപ്തിന്റെ അബ്ദുൽ ഫത്താഹ് അൽ സീസി, ഇന്തോനേഷ്യയുടെ പ്രബോവോ സുബിയാന്റോ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും ഉച്ചകോടിക്കെത്തും. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാൻ യു.എ.ഇയെയും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആൽ സുഊദ് സൗദി അറേബ്യയെയും പ്രതിനിധാനം ചെയ്യും.
വെല്ലുവിളിയായി പശ്ചിമേഷ്യൻ യുദ്ധം
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇറാനും യു.എ.ഇക്കും അംഗീകരിക്കാൻ കഴിയുന്ന ഭാഷയിൽ സംയുക്ത പ്രസ്താവന തയാറാക്കുകയെന്നതാണ് ഉച്ചകോടിയുടെ പ്രധാന വെല്ലുവിളി. യുദ്ധം ബാധിച്ചതു തൊട്ട് യു.എ.ഇ ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും നിർത്തിവെച്ചിരുന്നു.
ഇറാനും യു.എ.ഇയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.