രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി; ടിവികെ നേതാക്കളെയും ആരാധകരെയും തള്ളി തമിഴ്നാട് മന്ത്രി
ചെന്നൈ: 2029ലെ പൊതുതെരഞ്ഞെടുപ്പിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. വിശ്വനാഥൻ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളും ആരാധകരും ഉയർത്തിക്കാട്ടുന്നതിനിടെയാണ് വിശ്വനാഥൻ നിലപാട് വ്യക്തമാക്കിയത്.
തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ ജന്മനാ ഒരു കോൺഗ്രസുകാരനാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്നതാണ് ഞങ്ങളുടെ സുവ്യക്തമായ നിലപാട്. ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെടും’ -വിശ്വനാഥൻ പ്രതികരിച്ചു. ഏതൊരു രാഷ്ട്രീയ പാർട്ടിയും സ്വാഭാവികമായും സ്വന്തം നേതാക്കളെ സ്ഥാനാർഥികളായി ഉയർത്തിക്കാട്ടുമെന്നും, പാർട്ടിയുടെ നീണ്ട രാഷ്ട്രീയ ചരിത്രം മുൻനിർത്തി കോൺഗ്രസ് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിന്‍റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരാമർശിക്കാൻ കോൺഗ്രസ് എം.പി മാണിക്കം ടാഗോർ മടി കാണിക്കുന്നുവെന്ന ചോദ്യത്തിന്, ഒരു കോൺഗ്രസ് മന്ത്രിയെന്ന നിലയിൽ, 2029ലെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നുവെന്നാണ് മറുപടി നൽകിയത്. രാഹുൽ ഗാന്ധിയുടെ പേര് വിജയ് തന്നെ പ്രഖ്യാപിച്ചേക്കാമെന്ന് അഭിപ്രായപ്പെട്ട വിശ്വനാഥ്, ഈ വിഷയത്തിൽ ചർച്ച നടത്തുന്നത് അനവസരത്തിലാകുമെന്നും വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പോരാട്ടങ്ങൾ ലോകചരിത്രത്തിൽ സ്വർണലിപികളിൽ എഴുതേണ്ടതാണ്. ഇടതുപാർട്ടികളും തങ്ങളുടെ സഖ്യത്തിനൊപ്പം ചേരുമെന്ന ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും വിശ്വനാഥൻ കൂട്ടിച്ചേർത്തു. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ടി.വി.കെയുടെ വിജയം ഉറപ്പാണ്. വിലക്കയറ്റം ഉപതെരഞ്ഞെടുപ്പുകളെ ബാധിക്കുമോ എന്ന ചോദ്യത്തിന്, അടുത്ത 25 വർഷത്തേക്ക് വിജയിയുടെ പ്രതിച്ഛായ ഉയർന്നു തന്നെ നിൽക്കുമെന്നും തങ്ങളുടെ സഖ്യം ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, ടി.വി.കെക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തമിഴ്നാട്ടിൽ അംഗീകൃത സംസ്ഥാന പാർട്ടി പദവി നൽകി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘വിസിൽ’ സ്ഥിരം തെരഞ്ഞെടുപ്പ് ചിഹ്നമായും അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 35.02 ശതമാനം വോട്ട് നേടി 108 സീറ്റുകളിൽ വിജയിച്ചതാണ് ടി.വി.കെക്ക് സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ നിർണായകമായത്. ഇതോടെ ഡി.എം.കെ, അണ്ണാ ഡി.എം.കെ, സി.പി.ഐ, വി.സി.കെ, നാം തമിഴർ കക്ഷി, ഡി.എം.ഡി.കെ എന്നിവക്കൊപ്പം തമിഴ്നാട്ടിലെ അംഗീകൃത സംസ്ഥാന പാർട്ടികളുടെ എണ്ണം ഏഴായി.
അംഗീകാരം ലഭിച്ചതോടെ ഇനി നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ടി.വി.കെ സ്ഥാനാർഥികൾക്ക് ‘വിസിൽ’ ചിഹ്നത്തിൽതന്നെ മത്സരിക്കാം. ഓരോ തെരഞ്ഞെടുപ്പിനും പ്രത്യേകമായി ചിഹ്നം ആവശ്യപ്പെടേണ്ട സാഹചര്യം ഒഴിവാകും. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 40 നക്ഷത്ര പ്രചാരകരെ നിയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നേരത്തേ ഉണ്ടായിരുന്ന 20 പേരുടെ പരിധിയാണ് ഇതോടെ ഉയരുന്നത്.
ഡി.എം.കെ, ടി.വി.കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ഡി.എം.കെയും തമിഴക വെട്രി കഴകവും (ടി.വി.കെ) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മധുരാന്തകത്ത് മുൻ എം.എൽ.എയും അഭിഭാഷകനുമായ ഐ. പരന്താമനെയും ധാരാപുരത്ത് അഭിഭാഷക എസ്. സുകന്യയെയും ഡി.എം.കെ സ്ഥാനാർഥികളാക്കി.
ടി.വി.കെ ധാരാപുരത്ത് സത്യഭാമയെയും മധുരാന്തകത്ത് മരഗതം കുമരവേലിനെയും സ്ഥാനാർഥികളാക്കി. ഇരുവരും അണ്ണാ ഡി.എം.കെയിൽനിന്ന് രാജിവെച്ച് ടി.വി.കെയിൽ ചേർന്നവരാണ്. സംസ്ഥാനത്ത് ഏഴ് നിയമസഭാ മണ്ഡലങ്ങൾ നിലവിൽ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കേസുകളില്ലാത്ത മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ മാത്രമാണ് ഇലക്ഷൻ കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഒക്ടോബർ ആറിനാണ് വോട്ടെടുപ്പ്. ഒക്ടോബർ ഒമ്പതിന് വോട്ടെണ്ണൽ നടക്കും. ബുധനാഴ്ച മുതൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരു സീറ്റുകളിലും അണ്ണാ ഡി.എം.കെ സ്ഥാനാർഥികളാണ് വിജയിച്ചത്. പിന്നീട് ഇവർ രാജിവെച്ച് ടി.വി.കെയിൽ ചേർന്നതോടെയാണ് മണ്ഡലങ്ങൾ ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.