കന്നഡ നടി രാഗിണി ദ്വിവേദിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

ബംഗളുരു: കന്നഡ നടി രാഗിണി ദ്വിവേദിയെ സെൻട്രൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച രാഗിണിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. ബംഗുളുരു എലഹങ്കയിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായത്.


രാഗിണിയുടെ നാല് മൊബൈൽ ഫോണുകൾ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഫോണിൽ നിന്നും വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. രാഗിണിയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.സി.ബി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഇവർ ഹാജരായിരുന്നില്ല. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍, സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. ഇന്നു തന്നെ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് നടിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ആരംഭിച്ചത്.

രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ മയക്കുമരുന്ന് കേസിൽ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആർ.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥനാണ് രവിശങ്കർ. മയക്കുമരുന്ന് കേസില്‍ മറ്റൊരു നടിയായ സഞ്ജന ഗല്‍റാണിയേയും ബംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഇവരുടെ സഹായിയായ രാഹുലും കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സംവിധായകൻ ഇന്ദ്രജിത് ലങ്കേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്നഡ സിനിമാരംഗത്തെ നിരവധി പേർ കേസിൽ കുടുങ്ങുമെന്നാണ് അറിയുന്നത്. എന്നാൽ ലങ്കേഷിന്‍റെ മൊഴി അടിസ്ഥാനപ്പെടുത്തി സിനിമ മേഖലയിൽ നിന്നുള്ളവരെ സംശയത്തിന്‍റെ നിഴലില്‍ നിർത്തുന്നത് ശരിയല്ലെന്ന് കർണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.