ഭോപ്പാൽ: 500 കോടി ചെലവഴിച്ച് നിർമിച്ച മധ്യപ്രദേശിലെ റേവയിലെ വിമാനത്താവളത്തിന്റെ മതിൽ ആദ്യമഴയിൽ തന്നെ തകർന്നു. നിർമാണം പൂർത്തിയായി മാസങ്ങൾക്കകമാണ് മതിൽ തകർന്നിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസനപദ്ധതികളിലെന്നിനാണ് ഈഗതികേട്. നിർമാണത്തിൽ പ്രളയത്തെ പ്രതിരോധിക്കുന്നതിനടക്കമുളള കാര്യങ്ങൾ ചെയ്യുന്നതിലടക്കം വീഴ്ചയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കനത്തമഴയിൽ ശനിയാഴ്ച രാത്രി ചുറ്റുമതിലിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. ഇതാദ്യമായല്ല വിമാനത്താവളത്തിന്റെ മതിൽ തകരുന്നത്. വിമാനത്താവളത്തിന്റെനിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ വർഷവും മതിൽ തകർന്നിരുന്നു.
വിന്ധ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് റേവ എയർപോർട്ട്. വെർച്വലായി വാരണാസിയിൽ നിന്നാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. 18 മാസം കൊണ്ട് 323 ഏക്കറിലാണ് നിർമാണം പൂർത്തിയാക്കിയത്. അഞ്ച് ഗ്രാമങ്ങളേയാണ് പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ചത്.
2300 മീറ്റർ നീളമുള്ള റൺവേയാണ് പദ്ധതിക്കായി നിർമിച്ചത്. നിലവിൽ രണ്ട് വിമാനങ്ങളാണ് റേവയിൽ നിന്നും സർവീസ് നടത്തുന്നത്. ഭോപ്പലിലേക്കാണ് സർവീസുകൾ. ഖജുരാഹോ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്.
നിലവിൽ ചെറുവിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. വരും മാസങ്ങളിൽ 72 സീറ്റ് വരെയുള്ള വിമാനങ്ങൾ സർവീസിനായി എത്തിക്കാനാണ് വിമാനത്താവള അധികൃതരുടെ നീക്കം. കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ മഴയാണ് റേവയിൽ പെയ്തിറങ്ങിയത്. എട്ട് ഇഞ്ച് മഴ റേവയിൽ പെയ്തുവെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.