ചെന്നൈ: കേരളത്തിലെ രാഷ്ട്രീയ വൈരമൊന്നും അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ കാണാനാവില്ല. ഇവിടെ എല്ലാവരും ‘ഭായി-ഭായി’ ആണ്. നിയമസഭ തെരഞ്ഞെടുപ്പ് ആവേശകരമായ അവസാന ഘട്ടത്തിലേക്ക് നീങ്ങവേ, നണ്ണിലം മണ്ഡലത്തിലെ കാഴ്ചകൾ ഇതിന് അടിവരയിടുന്നു. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർഥിക്കായി സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ് പാർട്ടികൾ ഒരേ മനസ്സോടെയാണ് ഇവിടെ പ്രചാരണ രംഗത്തുള്ളത്.
എസ്‍.ഡി.പി.ഐക്ക് ഡി.എം.കെ സഖ്യം അനുവദിച്ച നണ്ണിലത്തെ സീറ്റിൽ എസ്‍.ഡി.പി.ഐ സംസ്ഥാന പ്രസിസന്‍റ് മുഹമ്മദ് മുബാറക് ആണ് ജനവിധി തേടുന്നത്. കാൽ ലക്ഷത്തോളം മുസ്‍ലിം വോട്ടുണ്ട് ഇവിടെ. ഡി.എം.കെയുടെ കരുത്തിൽ മണ്ഡലത്തിൽനിന്ന് വിജയിച്ച് കയറനാകുമെന്നാണ് എസ്.ഡി.പി.ഐ കണക്ക് കൂട്ടുന്നത്. സി.പി.എമ്മും മുസ്‍ലിം ലീഗും കോൺഗ്രസുമെല്ലാം പ്രചാരണത്തിൽ സജീവമാണ്. ഇടതുപാർട്ടികളിൽ സി.പി.ഐക്കാണ് നണ്ണിലത്ത് ശക്തിയുള്ളത്. 2006ൽ സി.പി.ഐ ഇവിടെനിന്ന് വിജയിച്ചിരുന്നു. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെയാണ് വിജയിച്ചത്.
തമിഴ്‌നാട്ടിൽ പ്രധാനമായും ഡി.എം.ക, എ.ഐ.എ.ഡി.എം.കെ, തമിഴക വെട്രി കഴകംഎന്നിങ്ങനെയുള്ള മൂന്ന് മുന്നണികൾ തമ്മിലുള്ള ശക്തമായ മത്സരമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ ഭരണത്തുടർച്ച ലക്ഷ്യമിടുന്നു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എ.ഐ.എ.ഡി.എം.കെ. പ്രമുഖ നടൻ വിജയ് രൂപവത്കരിച്ച പുതിയ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ ആദ്യമായി ജനവിധി തേടുന്നു എന്നത് വലിയൊരു പ്രത്യേകതയാണ്. യുവാക്കൾക്കിടയിൽ വിജയിക്കുള്ള സ്വാധീനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കരുതപ്പെടുന്നു. തമിഴ്നാട്ടിൽ ചൊവ്വാഴ്ച പരസ്യ പ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.