​ബി.ജെ.പി പ്രവർത്തകർ കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകന് അന്തിമോപചാരം അർപ്പിക്കാൻ പാർട്ടി പ്രവർത്തകരെ അനുവദിക്കാത്തതിനെതിരെ ത്രിപുര നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന സി.പി.എം നേതാവുമായ പബിത്ര കറിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നു. ഉൾചിത്രത്തിൽ കൊല്ലപ്പെട്ട ദിലീപ് ശുക്ല ദാസ് 

ത്രിപുരയിൽ സി.പി.എം പ്രവർത്തകനെ ബി.ജെ.പിക്കാർ അടിച്ചുകൊന്നു; മൃതദേഹം പാർട്ടി പ്രവർത്തകർക്ക്‌ വിട്ടുകൊടുക്കാതെ പൊലീസ്

അഗർത്തല: വോട്ടെടുപ്പിന്‌ പിന്നാലെ അക്രമം രൂക്ഷമായ ത്രിപുരയിൽ സി.പി.എം പ്രവർത്തകനെ ബി.ജെ.പിക്കാർ അടിച്ചുകൊന്നു. ഖോവായ് ജില്ലയിലെ തെലിയമുറ ബഗൻബസാറിൽ ദിലീപ് ശുക്ല ദാസ് (55) ആണ്‌ ക്രൂരമായി കൊല്ലപ്പെട്ടത്‌. മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കാൻ വിട്ടുകൊടുക്കാതിരുന്ന പൊലീസ്‌ നടപടി സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിലാപയാത്രയും പൊലീസ് തടഞ്ഞു.

കൊലപാതകക്കേസിൽ ബി.ജെ.പി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമൽദാസിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ടൗണിൽ സാധനങ്ങൾ വാങ്ങി മടങ്ങവേ പിതാവിനെ ബി.ജെ.പിക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് മകൻ ബിശ്വജിത് ദാസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ത്രിപുര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. സി.പി.എമ്മിനായി പ്രവർത്തിച്ച ദിലീപ്‌ ശുക്ല ദാസിനെ ശനിയാഴ്‌ച കൃഷ്ണ കമൽദാസ് അടക്കമുള്ള ബി​.ജെ.പി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച മരിച്ചു.

എന്നാൽ, സംഭവം വ്യക്തിവൈരാഗ്യത്തിന്റെ ഫലമാണെന്നും ഇതിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഖോവായ് ജില്ലാ പോലീസ് സൂപ്രണ്ട് രതി രഞ്ജൻ ദേബ്‌നാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “അയൽക്കാർ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു”-പൊലീസ് പറഞ്ഞു.

അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് എങ്ങനെയാണ് പൊലീസ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചോദിച്ചു. പൊലീസ്‌ ബിജെപിയുടെ സമ്മർദങ്ങൾക്ക്‌ വഴങ്ങുകയാണെന്ന്‌ സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ മണിക്‌ സർക്കാർ പറഞ്ഞു.

ആദരാഞ്ജലി അർപ്പിക്കാൻ മൃതദേഹം പാർട്ടി ഓഫിസിലേക്ക് കൊണ്ടുപോകുന്നതിന് പൊലീസ് അനുമതി നിഷേധിച്ചു. തുടർന്ന് സി.പി.എം പ്രവർത്തകർ അഗർത്തല നഗരത്തിലെ ഗോവിന്ദ് ബല്ലഭ് പന്ത് (ജിബിപി) ആശുപത്രി റോഡ് ഉപരോധിച്ചു.

അതിനിടെ, ടിപ്ര മോത സ്ഥാനാർത്ഥി എംഡി ഷാ ആലം മിയയുടെ കാർ ജോയ്പൂരിൽ വച്ച് ആക്രമിക്കപ്പെട്ടു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇഷ്ടികകളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് അക്രമികൾ വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഷാ ആലം മിയയുടെ ഡ്രൈവർക്ക് കഴുത്തിലും തൊണ്ടയിലും പരിക്കേറ്റു. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 

Tags:    
News Summary - CPM activist killed as post-poll violence continues in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.