ഏക സിവിൽകോഡിനെതിരെ സി.പി.എം എം.പിമാർ: 'മതസൗഹാർദം തകർക്കാൻ ലക്ഷ്യമിടുന്ന ബില്ലുകൾ ഭരണഘടനക്ക് എതിര്'

ന്യൂഡൽഹി: ഏകീകൃത സിവിൽകോഡിനും 1991ലെ ആരാധനാലയ നിയമം പിൻവലിക്കാനും വേണ്ടിയുള്ള സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി നൽകരുതെന്ന്‌ ആവശ്യപ്പെട്ട് സി.പി.എം എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി. പാർട്ടി രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം, ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ റഹിം എന്നിവരാണ്‌ സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിനോട് ഈയാവശ്യം ഉന്നയിച്ചത്‌. മതസൗഹാർദം തകർക്കാൻ ലക്ഷ്യംവച്ചുള്ള ബില്ലുകൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.

രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി എം.പി കിറോഡി ലാൽ മീണയാണ് രാജ്യത്ത്‌ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള സമിതിക്കായി നിയമനിർമാണം നടത്താൻ സ്വകാര്യ ബിൽ കൊണ്ടുവരുന്നത്. മുമ്പ്‌ അഞ്ചുതവണ ഈ കൊണ്ടുവന്നിരുന്നുവെങ്കിലും അവതരണത്തിൽനിന്ന്‌ പിന്മാറിയിരുന്നു.

ബി.ജെ.പി എംപി ഹർനാഥ് സിങ്‌ യാദവാണ് 1991ലെ ആരാധനാലയ നിയമം പിൻവലിക്കാനുള്ള സ്വകാര്യബിൽ അവതരിപ്പിക്കുന്നത്. ആരാധനാലയത്തിന്റെ തൽസ്ഥിതി മാറ്റിമറിക്കുന്നത്‌ നിരോധിക്കുന്നതിനും അതിന്റെ മതപരമായ സ്വഭാവം 1947 ആഗസ്‌ത്‌ 15ന്‌ നിലനിന്നിരുന്നതുപോലെ സംരക്ഷിക്കുന്നതിനുമുള്ള നിയമമാണിത്. ഈ വ്യവസ്ഥകളെല്ലാം പിൻവലിക്കാനാണ് സ്വകാര്യബിൽ ആവശ്യപ്പെടുന്നത്.

Tags:    
News Summary - CPI(M) MPs opposes private member's bill on Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.