ന്യൂഡൽഹി: ഗസ്സയിലേക്ക് സഹായവസ്തുക്കളുമായുള്ള യാത്രക്കിടെ മെഡ്‌ലീന്‍ കപ്പൽ ഇസ്രായേൽ സൈന്യം അനധികൃതമായി പിടികൂടിയതിനെ അപലപിച്ച് സി.പി.എം. ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെ 12 പേർ സഞ്ചരിച്ച ചെറുകപ്പലാണ് ഇസ്രയേൽ പിടികൂടി തടഞ്ഞുവെച്ചത്. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കി ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ആവശ്യപ്പെട്ടു.
കപ്പലിലുണ്ടായിരുന്ന സന്നദ്ധ, സമാധാന പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ തുറമുഖത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുകയാണ്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിൽ 12 സന്നദ്ധ പ്രവർത്തകരാണ് ഫ്രീ ഗസ്സ മൂവ്മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്ലോട്ടില യാത്രയുടെ ഭാഗമായി മെഡ്‌ലീന്‍ കപ്പലിൽ ഗസ്സക്ക് സഹായവുമായി പുറപ്പെട്ടത്. മെഡിറ്ററേനിയൻ ദ്വീപിൽ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽനിന്ന് ജൂൺ ഒന്നിനാണ് കപ്പൽ യാത്ര തിരിച്ചത്. ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റംഗം റിമ ഹസൻ, ചലച്ചിത്ര നടൻ ലിയൻ കണ്ണിങ്ഹാം, ജർമൻ മനുഷ്യാവകാശ പ്രവർത്തക യാസ്മിൻ അകാർ എന്നിവരും യാത്ര സംഘത്തിലുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രായേലിന്‍റെ ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുന്നതിനൊപ്പം, ഇസ്രായേലിന്‍റെ മനുഷ്യത്വവിരുദ്ധമായ നടപടികൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുകയും യാത്രയുടെ ലക്ഷ്യമാണ്.
കപ്പൽ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഗസ്സയിലെ ജനങ്ങൾക്ക് സഹായം നൽകാൻ അനുവദിക്കില്ലെന്ന് ബെന്യമിൻ നെതന്യാഹു സർക്കാർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. സഹായവസ്തുക്കളുമായി എത്തുന്ന ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകരെ ഗസ്സയിൽ കാലുകുത്തിക്കില്ലെന്നായിരുന്നു ഭീഷണി. ഫലസ്തീൻ മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള നാവിക ഉപരോധം ഭേദിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു.
അതിനിടെ, കപ്പലിനെയും സന്നദ്ധപ്രവർത്തകരെയും എത്രയും വേഗം വിട്ടയക്കാൻ അന്താരാഷ്ട്ര സമ്മർദമേറുകയാണ്. യാത്രികരെ ഇസ്രായേൽ എത്രയും വേഗം വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ഫ്രാൻസിസ്ക അൽബനീസ് ആവശ്യപ്പെട്ടു. എല്ലാ മെഡിറ്ററേനിയൻ തുറമുഖങ്ങളിൽ നിന്നും ഗസ്സയിലേക്ക് സഹായവുമായും ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബോട്ടുകൾ പോകണം. അവർ എല്ലാം ഒരുമിച്ച് ഐക്യത്തോടെ പോകണം. അപ്പോൾ ആർക്കും തടയാനാകില്ല. ഉപരോധം ലംഘിക്കുകയെന്നത് നിയമപരമായ കടമയാണ്. നമുക്കുള്ള ധാർമിക ചുമതല കൂടിയാണ് -അവർ പറഞ്ഞു.
മെഡ്‌ലീന്‍ കപ്പലിന് നേരെയുള്ള ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ആസ്ട്രേലിയൻ സെനറ്റർ ഡേവിഡ് ഷൂബ്രിജ് പറഞ്ഞു. 'ഗസ്സയിലേക്ക് ഭക്ഷണവും മരുന്നും കൊണ്ടുവരികയായിരുന്ന നിരായുധരായ സന്നദ്ധപ്രവർത്തകരുടെ ബോട്ട് ഇസ്രായേൽ സൈന്യം ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. ആ ആക്രമണം ശക്തമായി അപലപിക്കപ്പെടണം. ഇതിന് പ്രത്യാഘാതവുമുണ്ടാകണം. നെതന്യാഹു സർക്കാറിനും ഇസ്രായേൽ ആയുധവിപണിക്കും ഉടൻ ആസ്ട്രേലിയൻ സർക്കാർ ഉപരോധമേർപ്പെടുത്തണം' -അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സക്ക് 160 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ചാണ് ഇസ്രായേൽ സൈന്യം മെഡ്‌ലീന്‍ കപ്പലിൽ ഇരച്ചുകയറി പിടിച്ചെടുത്തത്. കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്ദോദിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.