പാർലമെന്‍റ് ഫലസ്തീൻ ചർച്ച ചെയ്യണമെന്ന് സർവകക്ഷി യോഗത്തിൽ സി.പി.ഐ; വെടി നിർത്താൻ ഇസ്രായേൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടില്ലെന്ന് വിമർശനം

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ടപ്പോൾ ഫലസ്തീനിൽ വെടിനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടാതിരുന്നതിനെ പാർലമെന്റിന്റെ ശീതകാല സ​​മ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിൽ സി.പി.ഐ വിമർശിച്ചു. അദാനി കുംഭകോണവും മണിപ്പൂര്‍ കലാപവും രണ്ടും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗവും രാജ്യസഭാംഗവുമായ അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റ് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര മന്ത്രിമാരും വിവിധ കക്ഷി നേതാക്കളും സംബന്ധിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി വെള്ളിയാഴ്ച ഇസ്രേയല്‍ പ്രസിഡന്റിനെ കണ്ടപ്പോൾ പൊതുവായ ചര്‍ച്ചകള്‍ നടത്തിയെന്നല്ലാതെ ഫലസ്തീനിൽ വെടിനിര്‍ത്തലിനെ കുറിച്ചൊന്നും സംസാരിച്ചില്ലെന്ന് സന്തോഷ് കുമാർ കുറ്റപ്പെടുത്തി. ഫലസ്തീന്‍ എന്നത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമാണ്. പാര്‍ലമെന്റിൽ ഇക്കാര്യം ചര്‍ച്ച ചെയ്യണം. വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവയെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. അമിതമായ ഹിന്ദി ഭാഷാവത്കരണം എന്നത് ഒരു ഗുരുതരമായ മറ്റൊരു പ്രശ്നമാണെന്നും യോഗത്തില്‍ ചൂണ്ടികാട്ടി.

പാർലമെന്റിന്റെ കഴിഞ്ഞ രണ്ട് സമ്മേളനത്തിലും അതിനോടനുബന്ധിച്ച് നടന്ന സർവകക്ഷി യോഗങ്ങളിലും ഉന്നയിച്ചിരുന്നുവെങ്കിലും ഇപ്പോഴും യാതൊരുവിധ പരിഹാരവുമില്ലാതെ കിടക്കുകയാണെന്ന് സന്തോഷ് കുമാർ പറഞ്ഞു. എട്ട് മാസം പിന്നിട്ടും മണിപ്പൂരിലെന്താണ് നടക്കുന്നതെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. സമരമെല്ലാം തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സാമ്പത്തിക ബന്ധം നിര്‍ബന്ധമായും പുനക്രമീകരിക്കണം. കേരളത്തിന് മാത്രം അയ്യായിരത്തിലധികം കോടി രൂപ കിട്ടാനുണ്ട്. കേന്ദ്രസര്‍ക്കാര്‍ സഹായം കൊടുക്കുന്നതെന്നത് ഒരു ഔദാര്യമായിട്ടാണ് കണക്കാക്കുന്നത്. ന്യായമായി കിട്ടേണ്ട തുകയാണത്. ഈ കാര്യത്തെ കുറിച്ച് പാര്‍ലമെന്റിനകത്ത് ചര്‍ച്ച നടക്കും.

ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ക്ക് മുകളില്‍ ഒരു ഭീഷണിയായി മാറിയിരിക്കുകയാണെന്ന് സ​ന്തോഷ് കുമാർ തുടർന്നു. അവര്‍ അവരുടെ രാഷ്ട്രീയമായ തന്നിഷ്ടം നടപ്പാക്കുന്ന കേന്ദ്രങ്ങളായി രാജ്ഭവനുകളെ മാറ്റി ഭരണഘടനാതീതമായ ശക്തികളായി പ്രവര്‍ത്തിക്കുന്നു. ഈ കാര്യത്തിലും പരിഹാരമുണ്ടാകണം. കേരളത്തിലെ ഗവര്‍ണര്‍ ഒരു സെനറ്റിലേക്ക് കുറേയാളുകളെ തള്ളിക്കയറ്റിയിരിക്കുന്നു. അദ്ദേഹത്തിന് എവിടുന്നാണ് ഈ ലിസ്റ്റ് കിട്ടിയതെന്ന് സന്തോഷ് കുമാർ ചോദിച്ചു.

വീണ്ടുവിചാരമില്ലാതെയും ചര്‍ച്ചകള്‍ നടത്താതെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിൽ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വലിയ അപകടമുണ്ടാക്കുമെന്ന് സന്തോഷ് കുമാർ മുന്നറിയിപ്പ് നൽകി. തലക്കെട്ട് ഹിന്ദിയാക്കുന്നുവെന്ന ഗുരുതരമായ പ്രശ്നത്തിന് പുറമെ നിയമത്തിന്റെ ഉള്ളടക്കമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്ത്യയെ ഒരു മധ്യകാലത്തേക്ക് നയിക്കുന്ന അവസ്ഥയാണുണ്ടാക്കുക. ധൃതിവെച്ച് നടപ്പാക്കേണ്ട ഒന്നല്ലയിത്. വളരെ രഹസ്യമാക്കി കൊണ്ടുവന്ന വനിതാസംവരണ ബില്‍ കൊണ്ട് ഒരു ഉപകാരവുമില്ലാതായെന്നും സി.പി.ഐ നേതാവ് കുറ്റപ്പെടുത്തി.

Tags:    
News Summary - CPI wants Indian Parliament to discuss Palestine in all-party meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.