വിജയവാഡ: രാജ്യത്തെ സമാധാനവും സാമുദായിക സൗഹാർദവും തകർക്കുന്ന ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടത് മധ്യ ഇടതു നിലപാടാണെന്ന് സി.പി.ഐ. മതേതര, ജനാധിപത്യ പാർട്ടികളുടെ തത്ത്വാധിഷ്ഠിത ഐക്യത്തിന് ഇടതുപാർട്ടികൾ മുൻകൈ എടുക്കണമെന്നും സി.പി.ഐ പാർട്ടി കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
പ്രതിപക്ഷ അജണ്ട ആർ.എസ്.എസിൽനിന്ന് വ്യത്യസ്തമാകണം. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഭൂമി, പാർപ്പിടം, തൊഴിൽ, ഭക്ഷ്യസുരക്ഷ തുടങ്ങിയ അടിസ്ഥാനങ്ങൾക്ക് ഊന്നൽ നൽകണം. ജനാധിപത്യ സ്ഥാപനങ്ങളെ ചവിട്ടിമെതിക്കുന്നതും സമൂഹത്തെ ഭിന്നിപ്പിക്കുന്നതും ആർ.എസ്.എസ് അജണ്ടയാണ്. സാമൂഹിക നീതി എന്ന ആശയത്തെ പരാജയപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷത്തെ വർഗീയമായി അണിനിരത്തുകയാണ്.
'അംബാനി-അദാനി ബ്രാൻഡ്' രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിന് ഭീഷണിയാണ്. പൊതുമേഖലയെ വ്യവസ്ഥാപിതമായി തകർക്കുന്നു. ഇന്ത്യയെ കോർപറേറ്റുകൾക്ക് വിൽക്കാനാണ് മോദി രാവും പകലും പണിയെടുക്കുന്നത്. സാമൂഹിക ഉത്തരവാദിത്തമില്ലാത്ത കോർപറേറ്റ് ഭീമന്മാർ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നു. തൊഴിലില്ലായ്മ മുമ്പെങ്ങുമില്ലാത്തവിധം ഉയർന്ന നിലയിലാണ്. കോവിഡ് മഹാമാരി നേരിടുന്നതിലെ കെടുകാര്യസ്ഥത ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനും ഉപജീവനമാർഗവും നശിപ്പിക്കുകയും രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തതായി ഡി. രാജ കൂട്ടിച്ചേർത്തു.
മൂന്നാം തവണയാണ് സി.പി.ഐ പാർട്ടി കോൺഗ്രസിന് വിജയവാഡ വേദിയാകുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കു പുറമെ 16 വിദേശരാജ്യങ്ങളിൽനിന്നുള്ള അതിഥികളും സമ്മേളനത്തിൽ സംബന്ധിക്കുന്നു. പാർട്ടി കോൺഗ്രസ് ഒക്ടോബർ 18ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.