ന്യൂഡൽഹി: ചണ്ഡിഗഢിൽ നടക്കുന്ന സി.പി.ഐ 25ാം പാർട്ടി കോൺഗ്രസിൽ സംഘടന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ പ്രായപരിധി പാലിക്കുന്നതിൽ കർശന നിലപാട് സ്വീകരിച്ച് കേരള ഘടകം. ജനറൽ സെക്രട്ടറി ഡി. രാജയടക്കം ആർക്കും പ്രായപരിധിയിൽ ഇളവ് നൽകരുതെന്ന നിലപാടാണ് കേരളത്തിൽനിന്നുള്ള അംഗങ്ങൾ സ്വീകരിച്ചത്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡി. രാജക്ക് ഒരവസരംകൂടി നൽകണമെന്ന നിലപാട് ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ സ്വീകരിച്ചു.
നേതാക്കൾ തുടർച്ചയായി മാറുന്നത് പ്രതിസന്ധിക്ക് ഇടയാക്കുമെന്നും ഇത്തവണ ഒരു ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്ത് ഘട്ടംഘട്ടമായി നേതൃമാറ്റമാകാം എന്ന നിർദേശവും ചർച്ചയിൽ ഉയർന്നു. ദേശീയ കൗൺസിലിൽ അടക്കം 75 വയസ്സ് കഴിഞ്ഞവരെ മാറ്റണമെന്ന നിലപടാണ് കേരള ഘടകത്തിനുള്ളത്. നേതാക്കൾ ഏറെക്കാലം ഒരേ പദവിയിൽ തുടരുന്നത് പാർട്ടിയിൽ ഊർജം നഷ്ടപ്പെടാൻ കാരണമാകുന്നു എന്ന സംഘടന റിപ്പോർട്ടിലെ പരാമർശവും ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പ്രായപരിധി കർശനമായി നടപ്പാക്കാൻ പാർട്ടി കോൺഗ്രസ് തീരുമാനിച്ചാൽ കേന്ദ്ര സെക്രട്ടേറിയറ്റിൽ രാജ അടക്കം നാലുപേർ മാറും. പഞ്ചാബിൽനിന്നുള്ള അമർജിത് കൗറിന് സാധ്യത തെളിയും. വനിത നേതാവായ അമർജിത് കൗർ സെക്രട്ടറി പദവിയിൽ എത്തിയാൽ പാർട്ടിക്ക് പുതിയ ഊർജമാവുമെന്ന് കേരള മുൻ എം.എൽ.എ ഇ.എസ് ബിജിമോൾ പറഞ്ഞു. ജനറൽ സെക്രട്ടറിയടക്കം എല്ലാ കാര്യങ്ങളിലും പാർട്ടി ഒറ്റക്കെട്ടായി തീരുമാനം എടുക്കുമെന്ന് പി. സന്തോഷ് കുമാർ എം.പി മാധ്യമങ്ങളോട് വ്യക്തമാക്കി.
ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് ഒരുക്കത്തിലും പ്രചാരണത്തിനും വൻ വീഴ്ച വരുത്തിയെന്ന് കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ മധ്യ പ്രദേശിൽനിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനോ, അനുകൂലമായ ഘടകങ്ങൾ ദേശീയതലത്തിൽ പ്രചാരണം നടത്താനോ കേന്ദ്ര നേതൃത്വത്തിന് കഴിയുന്നില്ല.
പാർട്ടി സ്ഥാനാർഥികൾക്ക് ചിഹ്നം ഉറപ്പാക്കാൻ പോലും നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംഘാടനത്തിൽ മികവ് തെളിയിച്ചവർ പാർട്ടിയുടെ നേതൃനിരയിലേക്ക് വരുന്നില്ലെന്നും, പ്രഗല്ഭ്യമുള്ള പലരും പാർട്ടി കോൺഗ്രസിൽ പ്രതിനിധികളായിപോലും എത്തിയില്ലെന്നും വിമർശനം ഉയർന്നു. രാഷ്ട്രീയ പ്രമേയം, സംഘടന റിപ്പോർട്ട്, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവയിലെ കരടിലുള്ള ചർച്ചകൾ ചൊവ്വാഴ്ച പൂർത്തിയാക്കി.
ന്യൂഡൽഹി: ഫലസ്തീൻ ജനതക്ക് പരമാധികാരത്തിനും മാതൃരാജ്യത്ത് സമാധാനത്തിലും അന്തസ്സിലും ജീവിക്കാനുമുള്ള അവകാശം എന്നിവയുൾപ്പെടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ ഫലസ്തീനുമായുള്ള ഐക്യദാർഢ്യം ശക്തമായി തുടരുമെന്ന് സി.പി.ഐ 25ാമത് പാർട്ടി കോൺഗ്രസ് പ്രമേയം. ക്യൂബന്‍ റിപ്പബ്ലിക്കുമായുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങൾ വീണ്ടും ഉറപ്പിക്കുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയങ്ങളില്‍ പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ, അന്താരാഷ്ട്ര ആരോഗ്യ, സാഹോദര്യ ദൗത്യങ്ങൾ, തുടർച്ചയായ ബാഹ്യ സമ്മർദ സാഹചര്യത്തിലും നേടിയ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവയിലെ പുരോഗതി എന്നിങ്ങനെ ക്യൂബ നൽകിയ സംഭാവനകൾ ഓര്‍മിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.