ചെന്നൈ: നഗരത്തിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളായ പ്രമുഖ സർക്കാർ ആശുപത്രികളിൽ രോഗികൾ നിറയുന്നു. രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രി, കീഴ്പാക്കം ഗവ. മെഡിക്കൽ കോളജ്, സ്റ്റാൻലി ഗവ. മെഡിക്കൽ കോളജ്, ഒാമന്തൂർ ഗവ. ആശുപത്രി എന്നിവിടങ്ങളിലായാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത്. രോഗം പടർന്നതോടെ ആശുപത്രികളിൽ സ്ഥലപരിമിതി പ്രശ്നമായി. ചെന്നൈയിൽ മാത്രം 1,300ഒാളം പേർക്കാണ് രോഗബാധ.
നിലവിൽ 1,007 പേർ ചികിത്സയിലുണ്ട്. കോയേമ്പട് മാർക്കറ്റ് ഉൾപ്പെടെ അഞ്ച് ക്ലസ്റ്ററുകളിലായി രോഗം പടർന്നുപിടിക്കുന്നതാണ് ആശങ്ക ഉയർത്തുന്നത്. ആരോഗ്യ–പൊലീസ്–മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വ്യാപകമായ രീതിയിൽ രോഗബാധ കണ്ടെത്തി.
പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ചികിത്സ കേന്ദ്രങ്ങൾ തുറക്കാനാണ് സർക്കാർ നീക്കം. ഇതിെൻറ ഭാഗമായി സ്കൂളുകളും കോളജുകളും കല്യാണ മണ്ഡപങ്ങളും ഏറ്റെടുത്ത് താൽക്കാലിക ആശുപത്രികളാക്കി മാറ്റാനാണ് തീരുമാനം. സർക്കാർ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയച്ചു. ചെന്നൈ ഇൻഡോർ സ്റ്റേഡിയവും ഉപയോഗപ്പെടുത്തും. ഞായറാഴ്ച സ്റ്റാൻലി ഗവ. ആശുപത്രിയിൽ കിടക്കകളില്ലാത്തതിനാൽ 80ഒാളം രോഗികെള അരുമ്പാക്കത്തെ സ്വകാര്യ കോളജിലൊരുക്കിയ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി. ഇത്തരത്തിൽ ഒരാഴ്ചക്കകം പതിനായിരത്തോളം കിടക്കകൾ സജ്ജീകരിക്കുമെന്ന് ചെന്നൈ സിറ്റി കോർപറേഷൻ കമീഷണർ പ്രകാശ് അറിയിച്ചു.
ചെന്നൈ തേനാംപേട്ടയിലെ ചായക്കട നടത്തുന്ന മലയാളിയുടെ 19 വയസ്സുള്ള മകൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഇവരെ കീഴ്പാക്കം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, കോയമ്പത്തൂർ സായിബാബകോളനി വേലാണ്ടിപാളയത്തെ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആഴ്ചകൾക്ക് മുമ്പ് മലപ്പുറത്ത് നിന്നെത്തിയ ഇൗ കുടുംബം തിരിച്ച് കേരളത്തിലേക്ക് പോകാൻ അനുമതി ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ ഭാഗമായി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.