ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ വ്യാഴാഴ്ച നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ആശുപത്രികളിൽ ഓക്സിജൻ, കിടക്കകൾ, വെൻ്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തീവ്രത കുറഞ്ഞ വകഭേദമായതിനാൽ ആശങ്കവേണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
24 മണിക്കൂറിനിടെ രാജ്യത്ത് 4866 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ കേരളത്തിൽ 114 പുതിയ കോവിഡ് രോഗികളുമുണ്ട്. ഇതോടെ കേരളത്തിലെ ആകെ ആക്ടീവ് കേസുകൾ 1487 ആയി ഉയർന്നു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്നാണ് കേന്ദ്ര സർക്കാറിന്റെ നിർദേശം.
ഓക്സിജൻ ലഭ്യതക്ക് പുറമെ, രോഗികളെ സമ്പർക്ക വിലക്കിൽ ചികിത്സിക്കാനുള്ള കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ കരുതണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. സുനിത ശർമയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.