ന്യൂഡൽഹി: രാജ്യത്ത് 18 വയസ് മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിൻ ലഭിക്കാനുള്ള രജിസ്ട്രേഷന് കേന്ദ്രസർക്കാർ ബുധനാഴ്ചയാണ് തുടക്കമിട്ടത്. മെയ് ഒന്ന് മുതൽ ഈ പ്രായപരിധിയിൽ വരുന്നവർക്ക് വാക്സിൻ നൽകുമെന്നായിരുന്നു സർക്കാർ അറിയിപ്പ്. എന്നാൽ, പുതിയ റിപ്പോർട്ടനുസരിച്ച് 18 മുതൽ 44 വയസ് വരെ പ്രായമുള്ളവരിലെ വാക്സിനേഷൻ വൈകുമെന്നാണ് സൂചന.
നിലവിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള വാക്സിൻ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് നൽകരുതെന്ന് ഉത്തരവുണ്ട്. വാക്സിൻ കമ്പനികൾ നൽകുന്ന 50 ശതമാനം വാക്സിൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. ഈ വാക്സിൻ മുൻഗണന വിഭാഗങ്ങൾക്ക് മാത്രമേ നൽകാവു. ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, 45 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്കാണ് കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന വാക്സിൻ നൽകേണ്ടതെന്ന് ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗാനി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ബാക്കിയുള്ള 50 ശതമാനം വാക്സിനാണ് കമ്പനികൾ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുന്നത്. ഇത് ഉപയോഗിച്ച് വേണം 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ. നിലവിലെ സാഹചര്യത്തിൽ മെയ് 15 എങ്കിലും കഴിയാതെ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ നൽകാനാവില്ലെന്നാണ് കമ്പനികളുടെ നിലപാട്. ഇതോടെ മെയ് 15 എങ്കിലും കഴിയാതെ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിൻ ലഭിക്കില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.