ന്യൂഡൽഹി: കോവിഡ് ബാധയുടെ കണക്കുകളിൽ രാജ്യം ഒരാഴ്ചക്കിടെ പിടിച്ചത് സമാനതകളില്ലാത്ത റെക്കോഡുകൾ. ഞായറാഴ്ച മാത്രം 3.55 ലക്ഷം രോഗികളും 2,807 മരണവും റിപ്പോർട്ട് ചെയ്തതോടെ മൊത്തം കണക്കുകളിൽ ലോകത്ത് ഒരു രാഷ്ട്രവും ഇതുവരെയും എത്താത്തത്ര ഉയർന്നതാണ് ഇന്ത്യയിലേത്. ഏപ്രിൽ 18 മുതൽ 25 വരെയുള്ള ഒരാഴ്ചയിലെ കണക്കുകൾ പ്രകാരം 22.49 ലക്ഷം പേരാണ് പുതുതായി കോവിഡ് ബാധിതർ. കോവിഡ് ലോകം കീഴടക്കിയതുമുതൽ ഏഴു ദിവസ കാലയളവിൽ ഒരു രാജ്യത്തും ഇത്ര ഉയർന്നിട്ടില്ല. 16,257 പേരാണ് കഴിഞ്ഞ ആഴ്ചയിൽ വൈറസ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഇത് 8,568 ആയിരുന്നതാണ് ഇരട്ടിയായി ഉയർന്നത്.
ഇന്ത്യ 22 ലക്ഷം കടന്നപ്പോൾ സമീപത്തില്ലെങ്കിലും മുമ്പ് ഏറ്റവും ഉയർന്ന റെക്കോഡ് അമേരിക്കയുടെ പേരിലായിരുന്നു- 17.9 ലക്ഷം. അതും ജനുവരി 10ന് അവസാനിച്ച ആഴ്ചയിൽ. കോവിഡ് ബാധയിൽ ഒരു ഘട്ടത്തിൽ ഇന്ത്യക്കു മുന്നിലുണ്ടായിരുന്ന ബ്രസീലിലാകട്ടെ, ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന കണക്ക് 5.4 ലക്ഷമാണ്. യു.കെയിൽ 4.3 ലക്ഷവും തുർക്കി 4.2 ലക്ഷവുമായതാണ് പിറകെയുള്ളവ.
പക്ഷേ, ഒരാഴ്ചയിലെ മൊത്തം മരണത്തിൽ ഇപ്പോഴും റെക്കോഡ് അമേരിക്കക്കൊപ്പമാണ്- 23,411 പേർ. ജനുവരി 15ന് അവസാനിച്ച ആഴ്ചയിലാണത്. ബ്രസീൽ 21,865 പേരുമായി രണ്ടാമതും കഴിഞ്ഞ ആഴ്ചയിലെ കണക്കുകളുമായി ഇന്ത്യ മുന്നാമതുമുണ്ട്.
ഫെബ്രുവരി മധ്യത്തോടെയാണ് ഇന്ത്യയിൽ വീണ്ടും കുത്തനെ ഉയർന്നു തുടങ്ങിയത്. അതിന് മുമ്പ് ഒരാഴ്ചയിലെ മൊത്തം കണക്ക് 77,000 ആയിരുന്നു. ഫെബ്രുവരി 25ന് അത് ഒരു ലക്ഷം കടന്നു, മാർച്ച് 18ന് രണ്ടു ലക്ഷവും. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
മരണസംഖ്യയിലെ വർധനയാണ് അതിലേറെ ഞെട്ടിക്കുന്നത്. ഏപ്രിൽ നാലിന് അവസാനിച്ച ആഴ്ചയിൽ മൊത്തം മരണം 3,257 ആയിരുന്നത് അടുത്ത ആഴ്ച 5,079ഉം അതുകഴിഞ്ഞുളള ആഴ്ചയിൽ 8,588 ഉം ആയി.
സംസ്ഥാനങ്ങളിൽ ഇപ്പോഴും മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ. ഉത്തർ പ്രദേശ്, കർണാടക എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.