പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിയെ നാടുകടത്താൻ കോടതി ഉത്തരവിട്ടു. വ്യാജരേഖകൾ ചമച്ച് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കിയതിന് ഇയാളെ ഡൽഹി കോടതി ശിക്ഷിച്ചതായും സ്വന്തം രാജ്യത്തേക്ക് നാടുകടത്താൻ നിർദേശിച്ചതായും പൊലീസ് അറിയിച്ചു.
പഹർഗഞ്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാബു എന്ന ഷാബു സർദാർ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. വ്യാജ രേഖകൾ ചമച്ച് ഡൽഹിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശികളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
പഹർഗഞ്ചിൽനിന്നാണ് പൊലീസ് സർദാറിനെ കസ്റ്റഡിയിലെടുത്തത്.വ്യാജ രേഖകൾ ഉപയോഗിച്ച് ഇയാൾ ഇന്ത്യയിലേക്ക് കടന്നതായും ഇന്ത്യൻ പാസ്‌പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയും മറ്റ് തിരിച്ചറിയൽ രേഖകളും കൈക്കലാക്കുകയായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയുടെ യഥാർഥ വിവരങ്ങളും രാജ്യത്തെ നിയമവിരുദ്ധമായ താമസം തെളിയിക്കുന്ന ഡിജിറ്റൽ, സാങ്കേതിക രേഖകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.
വ്യാജ വിവരങ്ങൾ നൽകി ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഇയാൾ സംഘടിപ്പിച്ചതെങ്ങനെയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റാനും ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നതിന് നടപടികൾ പൂർത്തിയാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.