മുംബൈ: ജാമ്യമില്ലെങ്കിൽ ജയിലിൽ കിടന്ന് മരിക്കാമെന്ന് ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ പുരോഹിതൻ സ്റ്റാൻ സ്വാമി. ചികിത്സക്കായി ജെ.ജെ ആശുപത്രിയിലേക്ക് മാറ്റട്ടെ എന്ന് ബോംബെ ഹൈകോടതി ജസ്റ്റിസ് എസ്.ജെ. കാത്താവാല ചോദിച്ചപ്പോഴാണ് 84കാരനായ സ്റ്റാൻ സ്വാമിയുടെ പ്രതികരണം.
ജാമ്യം സാധ്യമല്ലെന്ന് പറഞ്ഞ കോടതി അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അഭിഭാഷകർക്ക് അടുത്ത ഏഴുവരെ സമയം നൽകി. അതുവരെ വിദഗ്ധ ഡോക്ടർമാരുടെ പാനൽ നിർദേശിച്ച ചികിത്സ തുടരാൻ ജയിലധികൃതർക്ക് നിർദേശവും നൽകി.
തലോജ ജയിലിൽ കഴിയുന്ന സ്റ്റാൻ സ്വാമിയോട് വിഡിയോ കോൺഫറൻസിലൂടെയാണ് ജഡ്ജി കാര്യങ്ങൾ ചോദിച്ചത്. കേൾവിശക്തി നഷ്ടപ്പെട്ട അദ്ദേഹം മറ്റൊരാളുടെ സഹായത്തോടെയാണ് ജഡ്ജിയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.
ജയിലിൽ എത്തുന്നതിനു മുമ്പ് എെൻറ അവയവങ്ങളെല്ലാം സജീവമായിരുന്നു. കഴിഞ്ഞ എട്ടുമാസമായി ഒാരോന്നിനും ശേഷി നഷ്ടപ്പെടുന്നു. പരസഹായമില്ലാതെ എഴുതാനോ നടക്കാനോ കുളിക്കാനോ കഴിയുന്നില്ല. ആരോഗ്യം അത്രമേൽ ക്ഷയിച്ചു. മരണം ഇനി അകലെയല്ല. ജെ.ജെ ആശുപത്രിയിൽ മൂന്ന് തവണ കഴിഞ്ഞതാണ്. അവിടത്തെ അവസ്ഥ അറിയാം.
ആശുപത്രിയിലേക്ക് മാറ്റുകയല്ല വേണ്ടത്. റാഞ്ചിയിൽ സുഹൃത്തുക്കളുടെ അടുത്ത് എത്തണം. അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ കൂടി മരണം സംഭവിക്കാം. ആശുപത്രിയിൽ പോകുന്നതിനെക്കാൾ ജയിലിലെ മരണമാണ് ആഗ്രഹിക്കുന്നത്-സ്വാമി ജഡ്ജിയോട് പറഞ്ഞു. അദ്ദേഹത്തിെൻറ അഭിഭാഷകർ ഇടപെട്ടെങ്കിലും സ്വാമി നിലപാടിൽ ഉറച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.