അന്വേഷണ ഏജൻസികൾ നടപടികൾ നിർത്തില്ല; ഇ.ഡിയെ ന്യായീകരിച്ച് മോദി

ന്യൂഡൽഹി: അഴിമതി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ബാധിക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരായ നടപടികളിൽ നിന്നും രാജ്യത്തെ അന്വേഷണ ഏജൻസികൾ പിന്നോട്ട് പോവില്ലെന്നും മോദി പറഞ്ഞു. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നതിനെതിരെ വലിയ വിമർശനം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഹിന്ദുസ്ഥാന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് ബി.ജെ.പി മൂന്നാമതും അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു. വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും വോട്ടാകും. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും രാമക്ഷേത്രവും നേട്ടമാണെന്നും മോദി കൂട്ടിച്ചേർത്തു.

അഴിമതി ഇല്ലാതാക്കുകയായിരുന്നു കഴിഞ്ഞ 10 വർഷമായി ഞങ്ങളുടെ സർക്കാറിന്റെ പ്രധാനപ്പെട്ട മുൻഗണന വിഷയം. അഴിമതിക്കെതിരെ താൻ കർശന നടപടി സ്വീകരിച്ചു. ഏത് തലത്തിലുള്ള അഴിമതിയും ജനങ്ങളെ ബാധിക്കും. ഇതിനെതിരായ നടപടികൾ നിർത്തില്ലെന്നും മോദി പറഞ്ഞു.

രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട മൂന്ന് ശതമാനം കേസുകൾ മാത്രമാണ് ഇ.ഡി കൈകാര്യം ചെയ്യുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അഴിമതിക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. അന്വേഷണ ഏജൻസികളുടെ വാളിന് കീഴിൽ നിൽക്കുന്നവരാണ് പല പ്രചരണങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു.

അഴിമതി നിറഞ്ഞ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്നവരാണ് അതിനെതിരെ നടപടിയെടുക്കുമ്പോൾ കരയുന്നത്. 2014ൽ അധികാരത്തിൽ എത്തിയപ്പോൾ തന്നെ അഴിമതി അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചു. 2014ന് മുമ്പ് 5000 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. 2014ന് ശേഷം 10 വർഷം കൊണ്ട് അഴിമതിക്കാരുടെ ഒരു ലക്ഷം കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. 2014ന് മുമ്പ് 34 ലക്ഷം രൂപയാണ് പിടിച്ചെടുത്തതെങ്കിൽ ഞങ്ങളുടെ സർക്കാറിന്റെ കാലത്ത് 2200 കോടി രൂപ ഇ.ഡി പിടിച്ചെടുത്തുവെന്നും മോദി കൂട്ടിച്ചേർത്തു. പരാജയം ഉറപ്പിച്ചതിനാലാണ് പ്രതിപക്ഷം വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും മോദി പറഞ്ഞു. 

Tags:    
News Summary - Corruption hits all, action by agencies will not stop: Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.