പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി പാചകരീതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇൻഡക്ഷൻ സ്റ്റൗവുകൾ വാങ്ങുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് പാചകവാതക വിതരണത്തിലുണ്ടായ പ്രതിസന്ധിയും വിലക്കയറ്റവും സാധാരണക്കാരെ ബാധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.
പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഉപഭോക്താക്കൾ സ്റ്റൗവിന്റെ യഥാർഥ തുക മാത്രം മാസതവണകളായി (ഇ.എം.ഐ) തിരിച്ചടച്ചാൽ മതിയാകും. ലോകബാങ്ക് (World Bank), ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വായ്പയുടെ പലിശ ഇനത്തിലുള്ള തുക ഈ സ്ഥാപനങ്ങൾ സബ്‌സിഡിയായി നൽകും.
2023ൽ ആരംഭിച്ച നാഷണൽ എഫിഷ്യന്റ് കുക്കിങ് പ്രോഗ്രാം (എൻ.ഇ.സി.പി) വിപുലീകരിച്ചുകൊണ്ടായിരിക്കും ഈ ആനുകൂല്യം ലഭ്യമാക്കുക. നിലവിൽ ഈ പദ്ധതിയിൽ പലിശ സബ്‌സിഡി ഉൾപ്പെടുത്തിയിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അധിക ബാധ്യതയില്ലാതെ വൈദ്യുത പാചക രീതിയിലേക്ക് മാറാൻ ഇത് അവസരമൊരുക്കും.
ലോകത്തെ തന്നെ രണ്ടാമത്തെ വലിയ എൽ.പി.ജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ആവശ്യംവരുന്ന 3.3 കോടി ടണ്ണിൽ 65 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിൽതന്നെ 90 ശതമാനവും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ധന ഇറക്കുമതിയെയും പാചകവാതക ലഭ്യതയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇത് മുൻനിർത്തിയാണ് പരമ്പരാഗത ഗ്യാസ് അടുപ്പുകൾക്ക് പകരം ഇൻഡക്ഷൻ സ്റ്റൗവുകൾ ജനകീയമാക്കാൻ സർക്കാർ ശ്രമിക്കുന്നത്. മുൻപ് ഒരു ആഡംബര വസ്തുവായി കണ്ടിരുന്ന ഇൻഡക്ഷൻ സ്റ്റൗവുകൾക്ക് നിലവിൽ വിപണിയിൽ വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.