അഹ്മദാബാദ്: ബിൽക്കീസ് ബാനു ബലാത്സംഗ കേസിലും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലും ശിക്ഷയിളവ് ലഭിച്ച കുറ്റവാളികളിൽ ചിലർ നല്ല മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ബ്രാഹ്മണരാണെന്നും അവർ കേസുകളിൽ അകപ്പെട്ടുപോയതാകാമെന്നും ഗുജറാത്ത് ബി.ജെ.പി എം.എൽ.എ.
ബ്രാഹ്മണർ മികച്ച മൂല്യങ്ങളുള്ളവരാണെന്നും ജയിലിൽ ഇവരുടെ സ്വഭാവം മികച്ചതായിരുന്നുവെന്നും ശിക്ഷയിളവ് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിലെ അംഗം കൂടിയായ സി.കെ. റൗൾജി പറഞ്ഞു. ഇതിനിടെ, പരാമർശം വിവാദമായതോടെ, ബലാത്സംഗം ചെയ്തവർക്ക് ജാതിയില്ലെന്നും അവർ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും റൗൾജി ട്വീറ്റ് ചെയ്തു. മോചിപ്പിക്കപ്പെട്ട 11 പേർ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ശിക്ഷയിളവ് ശിപാർശ നൽകിയതെന്നും റൗൾജി വ്യാഴാഴ്ച പ്രാദേശിക വിഡിയോ ചാനലിനോട് പറഞ്ഞിരുന്നു.
''കുറ്റം ചെയ്യാത്തവരും ഇത്തരം കലാപങ്ങളിൽ പ്രതി ചേർക്കപ്പെടുന്നത് അസാധാരണമല്ല. എനിക്കറിയില്ല അവർ തെറ്റു ചെയ്തിട്ടുണ്ടോ എന്ന്. അവരുടെ സ്വഭാവം കണക്കിലെടുത്താണ് ഞങ്ങൾ ശിപാർശ നൽകിയത്'' -റൗൾജി വിശദീകരിച്ചു. ജയിൽ മോചിതരായവർക്ക് ഞങ്ങൾ സ്വീകരണം നൽകിയിട്ടില്ലെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ഈ പരാമർശങ്ങൾ ചർച്ചാവിഷയമായതോടെയാണ് വെള്ളിയാഴ്ച വിശദീകരണ ട്വീറ്റുമായി എം.എൽ.എ രംഗത്തുവന്നത്. ''ബലാത്സംഗകർ ഒരു ജാതിയിലും പെടുന്നില്ല. ഞാനൊന്നും മോശമായിട്ട് പറഞ്ഞിട്ടില്ല. തെറ്റുചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. കോടതിവിധിയെ ഞങ്ങൾ മാനിക്കുന്നു.'' -എം.എൽ.എയുടെ ട്വീറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.