representative image

ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കം: ദലിതരെ ബഹിഷ്കരിച്ച്​ ഗ്രാമവാസികൾ

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ തഡ്മുഗലി ഗ്രാമത്തിൽ ദലിത് വിഭാഗത്തെ ഗ്രാമവാസികൾ ബഹിഷ്കരിച്ചതായി റിപ്പോർട്ട്‌. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിലാണ് ബഹിഷ്കരണം.

സംഭവത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ബഹിഷ്‌കരണ വാര്‍ത്ത ചര്‍ച്ചയായത്. മൂന്ന് ദിവസം മുമ്പ് രണ്ട് ദലിത് യുവാക്കള്‍ നിലങ്ക താലൂക്കിലെ തഡ്മുഗലി ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും തേങ്ങ ഉടക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരിലാണ്​ തർക്കം ആരംഭിച്ചത്​. ദലിത് യുവാക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിൽ രോഷാകുലരായി മറ്റ് വിഭാഗം യുവാക്കള്‍ രംഗത്തെത്തുകയും ദലിതരെ ഗ്രാമത്തില്‍നിന്ന് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.

ഗ്രാമത്തിലെ ദലിത് കുടുംബത്തിന്‍റെ ധാന്യങ്ങൾ പൊടിക്കാൻ വിസമ്മതിച്ച മില്ലുടമയുടെ വിഡിയോയും പ്രചരിക്കുന്നുണ്ട്​. ഗ്രാമീണരുടെ നിർദേശത്തിന്​ വിരുദ്ധമായി ദലിതരുടെ ധാന്യങ്ങൾ പൊടിച്ച്​ നൽകിയാൽ 40,000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്ന്​ മില്ലുടമ പറയുന്നത് വിഡിയോയിൽ കേൾക്കാം.

സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടുണ്ട്. ഇരു വിഭാഗങ്ങളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും തര്‍ക്കം പരിഹരിച്ചെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ദിനേശ്കുമാര്‍ കോഹ്‌ലെ പറഞ്ഞു.

'യുവാക്കളുടെ രണ്ട് ഗ്രൂപ്പുകള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് തര്‍ക്കമുണ്ടായത്. എല്ലാ ഗ്രാമീണരെയും ഉള്‍പ്പെടുത്തി ശനിയാഴ്ച ഗ്രാമസമാധാന കമ്മിറ്റി വിളിച്ച് ചേര്‍ത്തിരുന്നു. അവര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്' -ദിനേശ്കുമാര്‍ കോഹ്‌ലെ പറഞ്ഞു. എന്നാൽ, തര്‍ക്കത്തിന്‍റെ യഥാർത്ഥ കാരണം ദലിത് യുവാക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതായിരുന്നോ എന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് വ്യക്​തമാക്കിയിട്ടില്ല.

Tags:    
News Summary - Controversy over temple entry: Villagers boycott Dalits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.