വിവാദ ചുമമരുന്ന് കേരളത്തിലും നിരോധിച്ചു

കൊച്ചി: വിവാദചുമമരുന്ന് കോൾഡ്രിഫ് കേരളത്തിലും നിരോധിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍.13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.

ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല . ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും വീണ ജോർജ് അറിയിച്ചു.

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നൽകരുത്; ഡി.ജി.എച്ച്.എസിന്റെ മുന്നറിയിപ്പ്

കഫ് സിറപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡി.ജി.എച്ച്.എസ്) പ്രത്യേക മുന്നറിയിപ്പ്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുതെന്നും അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് മരുന്ന് നിർദേശിക്കരുതെന്നുമാണ് പ്രസ്താവിച്ചിരിക്കുന്നത്. അണുബാധയുള്ള കഫ് സിറപ്പുകൾ കഴിച്ച് 11 കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഡി.ജി.എച്ച്.എസിന്റെ മുന്നറിയിപ്പ്.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നിർദേശിക്കുകയോ നൽകുകയോ ചെയ്യരുത്. അഞ്ചു വയസ്സിന് താഴെയുള്ളവർക്കും ഇത് ശുപാർശ ചെയ്യുന്നില്ലെന്നും ഡി.ജി.എച്ച്.എസ് വ്യക്തമാക്കി. അതിനു മുകളിൽ പ്രായമുള്ളവർക്ക് മരുന്ന് കൊടുക്കേണ്ടി വന്നാൽ അത് കൃത്യമായ ക്ലിനിക്കൽ വിലയിരുത്തലിനു ശേഷമായിരിക്കണം. വളരെ ശ്രദ്ധയോടെ നിർദേശിക്കപ്പെട്ട ഡോസേജിൽ വേണം കൊടുക്കാൻ. മരുന്ന് കഴിച്ച കുട്ടികളെ കൃത്യമായി നിരീക്ഷിക്കുകയും വേണം. ഒന്നിലധികം മരുന്നുകൾ കൂടിച്ചേരാതിരിക്കാൻ പ്ര​ത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടറുടെ അടിക്കുറിപ്പോടെയല്ലാതെ മരുന്നുകളെ ആശ്രയിക്കരുതെന്നും ഡി.ജി.എച്ച്.എസ് ഉപദേശക സമിതിയുടെ മുന്നറിയിപ്പുണ്ട്.

അണുബാധയുള്ള കഫ് സിറപ്പുകൾ കഴിച്ച് 11 കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഡി.ജി.എച്ച്.എസ് പ്രത്യേക നിർദേശമിറക്കിയത്. സിറപ്പുകൾ കഴിച്ചതിനെത്തുടർന്ന് ചില കുട്ടികൾക്ക് ജലദോഷം, ചുമ, പനി എന്നിവ അനുഭവപ്പെട്ടിരുന്നു. തുടർന്ന് അത് അവരുടെ വൃക്കകളെ ബാധിക്കുകയും ആരോഗ്യനില വഷളാകുകയും ചെയ്തു. ഇത്തരത്തിലാണ് 11 കുട്ടികൾ മരണപ്പെട്ടത്. കുട്ടികളിലെ മരണങ്ങൾക്കും വൃക്ക തകരാറിനും കാരണം കോൾഡ്രിഫ് എന്ന ചുമ സിറപ്പാണെന്ന് മധ്യപ്രദേശ് ചിന്ദ്വാരയിലെ അസോസിയേറ്റ് പ്രൊഫസറും പീഡിയാട്രിക്സ് മേധാവിയുമായ ഡോ. പവൻ നന്ദുർക്കർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

Tags:    
News Summary - Controversial cough medicine banned in Kerala too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.