ഭോപാൽ: വിവാദ പുസ്തകം എഴുതിയ ഡോ. ഫർഹത് ഖാനെ മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് അറസ്റ്റ് ചെയ്തതായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ആശുപത്രിയിൽ ഡയാലിസിസിന് വിധേയയാക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്ദോറിലെ സർക്കാർ ലോ കോളജിലെ ലൈബ്രറിയിൽ സൂക്ഷിച്ച 'കലക്ടീവ് വയലൻസ് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം' എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നിയമവിദ്യാർഥികളെ പഠിപ്പിക്കുന്ന പുസ്തകത്തിൽ ഹിന്ദുമതത്തിനും ആർ.എസ്.എസിനുമെതിരെ ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്ന് ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി. ആരോപിച്ചിരുന്നു. ഗുരുതരമായ വൃക്കരോഗമുള്ള ഖാന് സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടിവന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുണെയിൽനിന്ന് ഇന്ദോറിലേക്ക് കൊണ്ടുവരുന്നതിനിടെ വഴിമധ്യേ മഹാരാഷ്ട്ര അതിർത്തിയിൽവെച്ചും ഇവരെ ഡയാലിസിസിന് വിധേയയാക്കിയിരുന്നു.
പുസ്തക രചയിതാവ് ഫർഹത് ഖാൻ, പ്രസാധകരായ അമർ ലോ പബ്ലിക്കേഷൻ, കോളജ് പ്രിൻസിപ്പൽ ഇമാനുർറഹ്മാൻ, പ്രഫസർ മിർസ മുജിജ് ബെയ്ഗ് എന്നിവർക്കെതിരെ ഇക്കഴിഞ്ഞ മൂന്നിനാണ് എ.ബി.വി.പി നേതാവ് ലക്കി അദിവാൾ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത പൊലീസ് ഫർഹത് ഖാനും മറ്റുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതേ കേസിൽ ഇമാനുർറഹ്മാൻ, ബെയ്ഗ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.
ഫർഹത്തിന്‍റെ മറ്റൊരു പുസ്തകത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും അതിൽ ആക്ഷേപകരമായ ഉള്ളടക്കം കണ്ടെത്തിയാൽ നിലവിലെ കേസുമായി അതിനെ ബന്ധിപ്പിക്കുമെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.