photo: thequint.com

ഹരിയാനയിൽ മുസ്​ലിം യുവാവിൻെറ കൈ വെട്ടിമാറ്റിയ സംഭവം: പുറത്തുവരുന്നത് വിപരീത കഥകളും എഫ്‌.ഐ‌.ആറുകളും

ചണ്ഡീഗഢ്: ഹരിയാനയിലെ പാനിപ്പത്തിൽ അഖ്​ലാക്ക് എന്ന 23കാര​ൻെറ കൈ വെട്ടിമാറ്റുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് വ്യത്യസ്ത കഥകൾ. കൂടാതെ, അഖ്‌ലാക്കിൻെറ പരാതിയിലും കിഷൻപുരയിലെ ഒരു കുടുംബത്തിൻെറ പരാതിയിലും വ്യത്യസ്ത എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുസ്​ലിം ആയതിനാലാണ് അഖ്​ലാക്കിനെ ആക്രമിച്ചതെന്ന് സഹോദരൻ ഇക്രം പറയുന്നു. എന്നാൽ, ഏഴ്​ വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുമ്പോൾ യുവാവിനെ പിടികൂടുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.

ആഗസ്റ്റ് 24ന് രാവിലെയാണ് അഖ്‌ലാക്കിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സെപ്റ്റംബർ ഏഴിന് രണ്ട് എഫ്.ഐ.ആറുകൾ രജിസ്​റ്റർ ചെയ്യുകയായിരുന്നു. ചാന്ദ്നി ബാഗ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ അങ്കിത് നന്ദൽ ആണ് രണ്ട് എഫ്.ഐ.ആറിലും അന്വേഷണം നടത്തുന്നത്. അങ്കിത് നന്ദലിനെയും അഖ്‌ലാക്കിൻെറ സഹോദരനെയും അഖ്‌ലാക്കിനെതിരെ പരാതി നൽകിയ കുടുംബത്തെയും ഉദ്ധരിച്ച് 'ദി ക്വിൻറ്' സംഭവത്തിൽ എല്ലാ വാദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

'ദി ക്വിൻറ്' റിപ്പോർട്ടിൽ അങ്കിത് നന്ദൽ പറയുന്നതിങ്ങനെ:

''ആഗസ്റ്റ് 24ന് രാത്രി അഖ്‌ലാക്ക് ഒരു വീട്ടിൽ കയറി ഏഴ് വയസുകാരനെയും എടുത്ത് കടന്നുകളഞ്ഞെന്നാണ്​ പരാതിയിലുള്ളത്​. കുറച്ചു സമയത്തിനകം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. സമീപത്തെ പാർക്കിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ടെത്തിയ വീട്ടുകാർ അഖ്‌ലാക്കിനെ പിടികൂടി മർദിച്ചു. സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് ഓടി അഖ്‌ലാക്ക് രക്ഷപ്പെടുകയായിരുന്നു. അടുത്ത ദിവസം റെയിൽവേ ട്രാക്കിൽ ഒരാൾ മർദനത്തിനിരയായി കിടക്കുന്നതായി റെയിൽവേ പൊലീസിന് വിവരം ലഭിക്കുകയും അഖ്‌ലാക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സെപ്റ്റംബർ ഏഴിന് അഖ്‌ലാക്കി​ൻെറ പരാതിയിൽ റെയിൽവേ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഏതാനും മണിക്കൂറുകൾക്കകം അഖ്‌ലാക്കിനെതിരെ ചാന്ദ്നി ബാഗ് പൊലീസ് സ്റ്റേഷനിൽ കുട്ടിയുടെ കുടുംബം കേസ് നൽകുകയായിരുന്നു. അഖ്‌ലാക്ക് നൽകിയ കേസ് റെയിൽവേ പിന്നീട് ഈ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്​തു. ട്രെയിൻ ചക്രങ്ങൾകൊണ്ട് അഖ്‌ലാക്കി​ൻെറ കൈ മുറിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കൂടുതൽ വൈദ്യപരിശോധനക്ക് ശ്രമിക്കുകയാണ്. കോവിഡ് കാരണമാണ് നടപടികൾ മന്ദഗതിയിലാകുന്നത്'' -സ്റ്റേഷൻ ഹൗസ് ഓഫീസർ അങ്കിത് നന്ദൽ പറഞ്ഞു.

ഏഴു വയസ്സുകാരൻെറ അമ്മാവൻ പറയുന്നത്:

ഞങ്ങൾ വീടിൻെറ വരാന്തയിലാണ് കിടന്നിരുന്നത്. രാത്രി ഒരു മണിയോടെ മൂത്രമൊഴിക്കാൻ പോയി തിരിച്ചു വന്നപ്പോഴാണ് കുട്ടി അവിടെ ഇല്ലെന്ന് മനസ്സിലായതെന്ന് അഖ്‌ലാക്കിനെ മർദിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്ത ഏഴ് വയസുകാരൻെറ അമ്മാവൻ 'ദി ക്വിൻറി'നോട്​ പ്രതികരിച്ചു​. ഉടൻ അയൽവാസികളെ വിളിച്ചുണർത്തി തെരച്ചിൽ ആരംഭിക്കുകയും അഖ്‌ലാക്കിനൊപ്പം കുട്ടിയെ കണ്ടെത്തുകയുമായിരുന്നെന്ന് അഖ്​ലാക്ക്​ പൊലീസിൽ പരാതി നൽകിയ ശേഷം പൊലീസിൽ ബന്ധപ്പെട്ട അമ്മാവൻ പറയുന്നു.


അഖ്‌ലാക്കി​ൻെറ സഹോദരൻ പറയുന്നത്:

''ബാർബറായിരുന്ന അഖ്‌ലാക്കിന് കോവിഡ് ലോക്ഡൗണിനെ തുടർന്ന് ജോലി ഇല്ലാതായി. ജോലി അന്വേഷിച്ച് ആഗസ്റ്റ് 23നാണ് അനിയൻ കിഷൻപുര മേഖലയിലെത്തിയത്. അഖ്‌ലാക്കിന് കിഷൻപുരയിൽ പരിചയക്കാരില്ലായിരുന്നു. വൈകുന്നേരം ഏഴോടെ സ്ഥലത്തെത്തിയ അഖ്‌ലാക്ക് സ്ഥലത്തെ ഒരു പാർക്കിൽ രാത്രി തങ്ങാൻ തീരുമാനിച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഒരു കൂട്ടം ആളുകൾ എത്തി പേര് ചോദിച്ചു. മുസ്​ലിം ആണെന്ന് അറിഞ്ഞതോടെ ക്രൂരമായി മർദിച്ചു. ശേഷം അവിടെ തന്നെ ഉപേക്ഷിച്ചു. അവശനായ അഖ്‌ലാക്ക് രാത്രി കടുത്ത ദാഹം തോന്നിയതിനെ തുടർന്ന് പാർക്കിന് സമീപത്തെ റെയിൽവേ ട്രാക്കിനടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചു. ഇത് മണിക്കൂറുകൾക്ക് മുമ്പ് അനിയനെ ക്രൂരമായി മർദിച്ചവർ താമസിക്കുന്ന വീടായിരുന്നു. വീണ്ടും അഖ്‌ലാക്കിനെ കണ്ട അവർ ക്രുദ്ധരായി. വീണ്ടും മർദനം ആരംഭിച്ചു. ഇഷ്ടിക കൊണ്ട് അടക്കം ഇടിച്ചു. അഖ്‌ലാക്കി​ൻെറ ശരീരത്തിൽ മുറിവേൽക്കാത്ത ഒരു ഭാഗം പോലുമില്ല. കൈയിൽ 786 എന്ന് പച്ച കുത്തിയത് കണ്ടതോടെ മരം മുറിക്കുന്ന യന്ത്രം കൊണ്ട് വന്ന് കൈമുട്ടിന് താഴെ ജനക്കൂട്ടം മുറിച്ചുമാറ്റി. ഇടതു ൈകക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചു. നെഞ്ചിലും തലയിലും വലിയ മുറിവുകളുമുണ്ട്. ക്രൂര മർദനത്തിനിരയായ അഖ്‌ലാക്ക് പിന്നെങ്ങിനെ സമീപത്തെ വീട്ടിലെത്തി കുട്ടിയെ എടുത്ത് പോരും? '' -ഇക്രം ചോദിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.