ജമ്മു-കശ്മീരിലെ മുൻ കോൺഗ്രസ് എം.എൽ.എമാർ ഡൽഹിയിലെ വസതിയിൽ ഗുലാം നബി ആസാദിനെ സന്ദർശിക്കുന്നു

കോൺഗ്രസ് പ്രവർത്തകസമിതി ഇന്ന്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പു തീയതികൾ നിശ്ചയിക്കാൻ പ്രവർത്തക സമിതി ഞായറാഴ്ച ചേരും. ഗുലാംനബി ആസാദ് പാർട്ടി വിടുന്നതിനുമുമ്പ് നിശ്ചയിച്ച യോഗത്തിൽ രാജിയും നേതൃത്വത്തിനുനേരെ ഉന്നയിച്ച കടുത്ത വിമർശനങ്ങളും പ്രധാന ചർച്ചയാവും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസം ആവർത്തിച്ച് പ്രകടിപ്പിക്കുന്ന പ്രമേയം ഈ പശ്ചാത്തലത്തിൽ പ്രവർത്തക സമിതി മുന്നോട്ടുവെക്കും.

വൈകീട്ട് മൂന്നരക്ക് വിഡിയോ കോൺഫറൻസായാണ് പ്രവർത്തകസമിതി ചേരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം ചികിത്സാർഥം വിദേശത്തുപോയ സോണിയഗാന്ധി യോഗത്തിൽ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ 20നുമുമ്പ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന പ്രഖ്യാപനം മുമ്പ് നടത്തിയെങ്കിലും നിലവിലെ സാഹചര്യങ്ങളിൽ കൂടുതൽ വൈകിയേക്കും.

രാഹുൽ വീണ്ടും അധ്യക്ഷനാകണമെന്ന സമ്മർദം പല നേതാക്കളും തുടരുകയാണ്. അത് നടന്നില്ലെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കുമെന്നാണ് സൂചനകൾ. എന്നാൽ, രാജസ്ഥാൻ തെരഞ്ഞെടുപ്പിനുമുമ്പ് ദേശീയ രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായമുണ്ട്.

അധ്യക്ഷനാര് എന്ന അനിശ്ചിതത്വത്തിനിടയിൽ അടുത്ത മാസാദ്യം നടത്താനിരിക്കുന്ന വിലക്കയറ്റവിരുദ്ധ റാലി, ഭാരത് ജോഡോ യാത്ര എന്നിവയുടെ തിരക്കാണ് തെരഞ്ഞെടുപ്പ് നടപടികൾ നീളാൻ കാരണമായി നേതാക്കൾ വിശദീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുനടപടികൾ പൂർത്തിയായിട്ടില്ലെന്ന ന്യായീകരണവുമുണ്ട്.

Tags:    
News Summary - Congress Working Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.