വിദ്വേഷ പ്രസംഗത്തിന് അടിയന്തര നടപടി വേണം; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി കോൺഗ്രസ്

ന്യൂഡൽഹി: മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ കേസെടുക്കണം. നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം ​പ്രധാനമന്ത്രിക്ക് എങ്ങനെയുണ്ടാകുന്നുവെന്നും കോൺഗ്രസ് ചോദിച്ചു. സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിന് എതിരെയും പരാതി നൽകി. മുതിർന്ന അഭിഭാഷകനും കോൺ​ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‍വി അടക്കമുള്ളവരാണ് പരാതി നൽകാനെത്തിയത്.

''അദ്ദേഹം വഹിക്കുന്ന ഓഫിസിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അദ്ദേഹം ഞങ്ങളുടെയും പ്രധാനമന്ത്രിയാണ്. താൻ വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കണക്കിലെടുത്ത് പരമാവധി സംയമനം പാലിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ പരാമർശം കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നതാണ്. പ്രധാനമന്ത്രിയിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. ഈ അഭിപ്രായങ്ങൾ പിൻവലിക്കാനും വ്യക്തത വരുത്താനും ഞങ്ങൾ ആവശ്യപ്പെടും.​''-അഭിഷേക് മനു സിങ്‍വി പറഞ്ഞു.

നരേന്ദ്ര മോദിയും ബി.ജെ.പിയും അതിന്റെ മുതിർന്ന നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മതവും മതചിഹ്നങ്ങളും മതവികാരങ്ങളും മനപൂർവം ആവർത്തിച്ച് പ്രയോഗിക്കുകയാണെന്ന് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ള തെറ്റായതും ഭിന്നിപ്പിക്കുന്നതുമായ പരാമർശങ്ങൾ പ്രധാനമന്ത്രി നടത്തിയത് അത്തരം മതവിഭാഗത്തിനെതിരെ പ്രവർത്തിക്കാനും സമാധാനം തകർക്കാനും ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും കോൺഗ്രസ് ആരോപിച്ചു.

പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ നിരവധി പരാതികൾ നൽകിയിട്ടും തെരഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. മറ്റേതെങ്കിലും സ്ഥാനാർഥിയായിരുന്നു അത് എങ്കിൽ എന്തായിരുന്നു സ്ഥിതിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സ്വയം ചോദിക്കണമെന്നും കോൺഗ്രസ് നേതാക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ബൻസാരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ മുസ്‍ലിം വിദ്വേഷം ആളിക്കത്തിയത്. അമ്മമാരുടെയും പെങ്ങൻമാരുടെയും സ്വർണത്തിന്റെ കണക്കെടുക്കുമെന്നും അത് വിതരണം ചെയ്യുമെന്നുമാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്. ആർക്കാണ് അവരത് വിതരണം ചെയ്യുക? രാജ്യത്തിന്റെ സ്വത്തിന് ആദ്യത്തെ അവകാശികൾ മുസ്‍ലിംകളാണെന്ന് മുമ്പ് മൻമോഹൻസിങ് സർക്കാർ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അവർ പറയുന്ന പ്രകാരം മുസ്‍ലിംകൾക്കായിരിക്കും രാജ്യത്തിന്റെ സ്വത്തിന്റെ ആദ്യത്തെ അവകാശം. അതായത് രാജ്യത്തിന്റെ സ്വത്തുക്കൾ ഏറ്റവും കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞു കയറ്റക്കാർക്കും വിഭജിച്ചു നൽകും. നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കുകയോ? നിങ്ങളത് അംഗീകരിക്കുമോ?​''-എന്നായിരുന്നു മോദിയുടെ ചോദ്യം.

Tags:    
News Summary - Congress to election commission over PM's remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.