ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയായ 80നോടടുത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് നേതാക്കൾ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്.
'രൂപയുടെ മൂല്യം 40ലെത്തുമ്പോൾ: 'പുതുക്കുന്നു'. 50-ൽ: 'ഇന്ത്യ പ്രതിസന്ധിയിൽ'. 60-ൽ: ഐ.സി.യു. 70-ൽ ആത്മനിർഭർ, 80-ൽ 'അമൃതിക്കൽ''- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ച തടയാൻ കഴിയാത്തതിനാൽ സർക്കാരിന് എല്ലാ വിശ്വാസ്യതയും നഷ്‌ടപ്പെടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും അഭിപ്രായപ്പെട്ടു.
'ഇപ്പോൾ രൂപയുടെ മൂല്യം മാർഗദർശക് മണ്ഡലിന്റെ പ്രായം കടന്നിരിക്കുന്നു. അത് ഇനിയും എത്രത്തോളം കുറയുമോ, സർക്കാരിന്റെ വിശ്വാസ്യതയും അത്രത്തോളം കുറയും.' രൺദീപ് സുർജേവാലയുടെ ട്വീറ്റിൽ പറയുന്നു. ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ അടങ്ങുന്ന ഒരു കൂട്ടം ഉപദേഷ്ടാക്കളെയാണ് 'മാർഗ്ദർശക് മണ്ഡല്'എന്ന് വിശേഷിപ്പിക്കുന്നത്.
2013ലെ യു.പി.എ സർക്കാർ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 69ൽ നിന്ന് 58ലേക്ക് നാലു മാസത്തിനുള്ളിൽ തിരികെ കൊണ്ടുവന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം വെള്ളിയാഴ്ച അഭിപ്രായപ്പെട്ടു.
അതേസമയം മറ്റൊരു ട്വീറ്റിലും രാഹുൽ ഗാന്ധി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമർശനമുയർത്തിയിരുന്നു. യു.പി.എ സർക്കാരിന്‍റെ കാലത്ത് നിങ്ങൾ എത്ര ബഹളമുണ്ടാക്കിയിരുന്നോ, ഇന്ന് രൂപയുടെ മൂല്യം അതിവേഗം കുറയുന്നത് കണ്ട് നിശ്ശബ്ദനാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കറൻസി പുതിയ താഴ്ചയിലേക്ക് വീഴുമ്പോൾ സ്വന്തം പ്രസ്താവനകളിൽ പ്രധാനമന്ത്രി എന്ത് പറയുമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ട്വീറ്റ് ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, രൂപയുടെ മൂല്യം ഇടിയുമ്പോഴെല്ലാം നരേന്ദ്രമോദി യു.പി.എ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അന്തസ്സ് ഇടിഞ്ഞുതാഴുന്ന രൂപയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് താഴുംതോറും പ്രധാനമന്ത്രിയുടെ വിശ്വാസ്യതയും അന്തസ്സും ചോർന്നുപോകുമെന്ന് നരേന്ദ്രമോദി അന്ന് ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.