മസ്​ജിദുൽ അഖ്​സയിലെ പ്രാർഥന തടയരുത്​; സംഘർഷത്തിൽ ഇന്ത്യ ഇടപെടണം -കോൺഗ്രസ്

ന്യൂഡൽഹി: ഗസ്സയിൽ അക്രമം തുടരവേ പ്രതികരണവുമായി അഖിലേന്ത്യാ കോൺഗ്രസ്​ കമ്മറ്റി. വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന്​ കോൺഗ്രസ്​ ആവശ്യപ്പെട്ടു. ​കോൺഗ്രസിനായി വിദേശ കാര്യ വിഭാഗം തലവൻ ആനന്ദ്​ ശർമ എം.പിയാണ്​ പ്രസ്​താവന നൽകിയത്​.

''പെരുന്നാൾ ദിനത്തിൽ കിഴക്കൻ​ ജെറുസലേമിലും ഗസ്സയിലും ഇസ്രായേലിലുമുണ്ടായ അക്രമണങ്ങൾ ലോകത്തെ ഉലച്ചിരിക്കുന്നു​. ഫലസ്​തീനികൾക്ക്​ ആത്മാഭിമാനത്തോടെയും സുരക്ഷിതമായും ജീവിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിലെ ജനങ്ങളെപ്പോലെത്തന്നെയുണ്ട്​.

ഫലസ്​തീൻ ജനങ്ങൾക്ക്​ അൽ അഖ്​സ പള്ളിയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രാർഥിക്കാൻ അവകാശമുണ്ട്​. ഇത്​ എല്ലായ്​പ്പോഴും ബഹുമാനിക്കപ്പെടുകയും തെറ്റിക്കാതിരിക്കുകയും ചെയ്യണം.ജെറുസലേമിലെ ആസൂത്രിത സംഭവങ്ങൾ ഹിംസയും സംഘർഷവും സൃഷ്​ടിച്ചിരിക്കുന്നു.

ഗാസക്ക്​ നേരെയുള്ള വ്യോമാക്രമണങ്ങളും ഹമാസിന്‍റെ റോക്കറ്റ്​ ആക്രമണവും നിരവധി നിഷ്​കളങ്കരായ മനുഷ്യരുടെ ജീവിതം നശിക്കുന്നതിലെത്തിച്ചിരിക്കുന്നു. പ്രത്യേകിച്ചും കുട്ടികളുടെയും വയോധികരുടേതുമടക്കമുള്ളവരുടേത്​. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരിക്കുന്നു. പൊതുസ്വത്തും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത് തടസ്സവും നഷ്​ടങ്ങളും ഉണ്ടാക്കിയിരിക്കുന്നു.

സംഘർഷങ്ങളും ശത്രുതയും അവസാനിപ്പിക്കാൻ ഇസ്രായേലിനോടും ഹമാസിനോടും കോൺഗ്രസ്​ ആവശ്യപ്പെടുന്നു. സമാധാനം പുനസ്ഥാപിക്കാനായി യു.എൻ സുരക്ഷ കൗൺസിൽ അടിയന്തിരമായി ഇടപെടണം. ഈ പ്രശ്​നം ധാർമികവും മാനുഷികവുമായ പരിഗണനകൾ അർഹിക്കുന്നതാണ്​. യു.എൻ സുരക്ഷ കൗൺസിൽ അംഗമെന്ന നിലയിൽ ഇന്ത്യ ഈ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കണം'' -കോൺഗ്രസ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു. 

Tags:    
News Summary - congress statement on israel palestine conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.