ജനങ്ങളിൽനിന്ന് സംഭാവന തേടി കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ച് കോൺഗ്രസ്. ക്രൗഡ് ഫണ്ടിങ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തന്റെ ശമ്പളത്തിൽനിന്ന് 1.38 ലക്ഷം രൂപ നൽകി ഉദ്ഘാടനംചെയ്തു. ‘രാജ്യത്തിനായി സംഭാവന ചെയ്യൂ’ എന്ന പേരിലാണ് ഇതിന് തുടക്കമിട്ടത്. 1920-21ൽ മഹാത്മാ ഗാന്ധി തുടങ്ങിയ തിലക് സ്വരാജ് ഫണ്ടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കുന്നത്.

കോൺഗ്രസിന്റെ 138 വർഷത്തെ യാത്രയോടുള്ള ആദരസൂചകമായാണ് തുക തെരഞ്ഞെടുത്തത്. 138, 1,380, 1,38,000 എന്നീ തുകകൾ വെബ്സൈറ്റിലൂടെയും നേരിട്ടും നൽകാം. സംഭാവന നൽകുന്നവർക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഒപ്പിട്ട സർട്ടിഫിക്കറ്റ് ലഭിക്കും. കോൺഗ്രസിന്റെ സ്ഥാപക ദിനമായ ഡിസംബർ 28 വരെ ക്രൗഡ് ഫണ്ടിങ് തുടരും.

തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും എതിരായ പോരാട്ടത്തിൽ എല്ലാവരും അണിനിരക്കണമെന്നും ഇതാദ്യമായാണ് രാജ്യത്തിനുവേണ്ടി കോൺഗ്രസ് ജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ചടങ്ങിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, ട്രഷറർ അജയ് മാക്കൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Congress seeks donations from people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.