ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടും ഇന്ത്യ-പാകിസ്താൻ വെടി നിർത്തലിൽ അമേരിക്കൻ ഇടപെടൽ ചൂണ്ടിക്കാട്ടിയും കേന്ദ്ര സർക്കാറിനോട് ചോദ്യങ്ങൾ ആവർത്തിച്ച് കോൺഗ്രസ്. സിനിമ ഡയലോഗുകള്‍ നിര്‍ത്തി പഹൽഗാം ഭീകരർക്ക് എന്തു സംഭവിച്ചു എന്നടക്കമുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയണമെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ കോൺഗ്രസ് കമ്യൂണിക്കേഷൻ മേധാവി പവൻ ഖേര ആവശ്യപ്പെട്ടു.
ഒരു രാജ്യം പോലും പാകിസ്താൻ നടപടിയില്‍ അപലപിച്ചിട്ടില്ല. ഏതൊക്കെ സാഹചര്യങ്ങളിലാണ് വെടിനിർത്തൽ ഉണ്ടായത്? ഹാഫിസ് സഈദും മസ്ഊദ് അസ്ഹറും എങ്ങനെയാണ് രക്ഷപ്പെട്ടത്? ഗുരുതരമായ വിഷയങ്ങളിൽ ഗൗരവമേറിയ ചർച്ചകൾ നടക്കണം. സർക്കാറിനോട് ഈ ചോദ്യങ്ങൾ ചോദിക്കുമ്പോഴെല്ലാം അവരുടെ നേതാക്കൾ സിനിമയിലേതുപോലുള്ള ഡയലോഗ് അടിക്കുകയാണെന്നും പവൻ ഖേര പരിഹസിച്ചു.
രാജ്യത്തിന്റെ വിദേശനയം തകര്‍ന്നു. ഒരുരാജ്യം പോലും പാക് നടപടിയില്‍ അപലപിച്ചിട്ടില്ല. നേപ്പാളും ഭൂട്ടാനും പോലും നമ്മോടൊപ്പം നിന്നില്ല. സംഘർഷകാലത്ത് ചൈന പാകിസ്താനെ പരസ്യമായി പിന്തുണച്ചു. പാകിസ്താന് മേലുള്ള വിസ നിയന്ത്രണങ്ങൾ കുവൈത്ത് നീക്കി. അവർ പാകിസ്താനുമായി തൊഴിൽ കരാറിൽ ഒപ്പുവെക്കാൻ പോകുന്നു. യു.എ.ഇ പാകിസ്താന് അഞ്ച് വർഷത്തെ വിസ അനുമതി നൽകി. വിനാശകരമായ വിദേശനയം കാരണം നമ്മൾ ഒറ്റപ്പെട്ടുവെന്ന് സർക്കാർ മനസ്സിലാക്കിയപ്പോഴാണ് സർവകക്ഷി പ്രതിനിധി സംഘത്തെ അയച്ചതെന്നും പവൻ ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.