എട്ടുമാസത്തെ അധ്വാനം പാഴായി, വൃത്തിയാക്കിയ നദി വീണ്ടും മാലിന്യക്കൂമ്പാരം; അജ്നാർ നദിയിൽ ബിട്ടുവിന്റെ പോരാട്ടം തുടരുന്നു

രാജ്ഗഡ്: എട്ട് മാസം നീണ്ട പരിശ്രമത്തിലൂടെ ടൺകണക്കിന് മാലിന്യം നീക്കി വൃത്തിയാക്കിയ നദി വീണ്ടും മാലിന്യക്കൂമ്പാരമായതിന്റെ നിരാശയിൽ പരിസ്ഥിതി പ്രവർത്തകനും കണ്ടന്റ് ക്രിയേറ്ററുമായ ബിട്ടു തബാഹി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ അജ്നാർ നദിയിലാണ് സംഭവം. ആഴ്ചകൾക്കുമുമ്പ് വൃത്തിയാക്കിയ നദീതീരത്ത് പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും വീണ്ടും അടിഞ്ഞുകൂടിയതിന്റെ ദൃശ്യങ്ങൾ ബിട്ടു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

പ്രത്യേക പണിയായുധങ്ങളോ വലിയ സംവിധാനങ്ങളോ ഇല്ലാതെ സ്വന്തം കൈകൊണ്ടാണ് ബിട്ടു അജ്നാർ നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്. ടൺകണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്ത് നദീതീരം വൃത്തിയാക്കിയെങ്കിലും അധികം വൈകാതെ അവിടെ വീണ്ടും മാലിന്യം നിറയുകയായിരുന്നു. എട്ടുമാസത്തെ തന്റെ അധ്വാനം ഇത്തരത്തിൽ പാഴാകുമെന്ന് കരുതിയില്ലെന്ന് ബിട്ടു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പ്ലാസ്റ്റിക് കവറുകളും മറ്റ് അവശിഷ്ടങ്ങളും നദീതീരത്ത് വീണ്ടും അടിഞ്ഞുകൂടിയത് ബിട്ടു പങ്കുവെച്ച വീഡിയോയിൽ വ്യക്തമായി കാണാം.

എന്നാൽ, വീണ്ടും കുന്നുകൂടിയ മാലിന്യം കണ്ട് പിന്തിരിയാൻ ബിട്ടു തയ്യാറായിരുന്നില്ല. നീന്താൻ അറിയില്ലെങ്കിലും അജ്നാർ നദി ശുചീകരിക്കുന്ന ജോലി താൻ വീണ്ടും തുടങ്ങിയെന്ന് ബിട്ടു വീഡിയോയിൽ പറഞ്ഞു. ബിട്ടുവിന്റെ പരിശ്രമത്തെ അഭിനന്ദിച്ചും നദി വീണ്ടും മലിനമായതിൽ നിരാശ പ്രകടിപ്പിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. നദികളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഒരാളിൽ മാത്രം ഒതുങ്ങരുതെന്നും മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയാൻ കൂട്ടായ ഇടപെടൽ ആവശ്യമാണെന്നും പ്രതികരണങ്ങളുയർന്നു.

സുരേന്ദ്ര സിങ് ചൗധരി എന്നാണ് ബിട്ടുവിന്റെ യഥാർത്ഥ പേര്. ബിട്ടുവിന്റെ വിഡിയോകൾ അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെടുകയും പ്രശസ്തമായ 'ദി ഓഷ്യൻ ക്ലീനപ്പ്' സ്ഥാപനത്തിന്റെ ഡച്ച് സിഇഒ ബോയാൻ സ്ലാറ് അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്ത് രംഗത്തുവരികയും ചെയ്തിരുന്നു.

Tags:    
News Summary - Bittu Recleans Polluted Ajnar River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.