അങ്കിത ഭണ്ഡാരിക്ക് നീതി തേടി ഇന്ത്യാ ഗേറ്റിൽ രാഹുലിന്റെ മിന്നൽ സമരം
ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട 19കാരി അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ മിന്നൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. 2022ൽ നടന്ന കൊലപാതകക്കേസിൽ നീതി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന അങ്കിതയുടെ മാതാപിതാക്കൾക്കൊപ്പമാണ് ഇരുവരും ചേർന്നത്. അങ്കിതയുടെ കുടുംബം ഉന്നയിച്ച ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നേതാക്കൾ പ്രതിഷേധ സ്ഥലത്തെത്തിയത്.
അങ്കിത ഭണ്ഡാരി കൊലപാതക കേസിൽ ആരോപണവിധേയനായ ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കാനുള്ള നീക്കം തടയണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാകുന്നതുവരെ നിയമനം നടത്തരുതെന്ന് അങ്കിതയുടെ മാതാപിതാക്കളായ വീരേന്ദ്ര സിങ് ഭണ്ഡാരിയും സോണി ദേവിയും രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർഥിച്ചു. മകളുടെ മരണത്തിൽ നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ഋഷികേശിനടുത്തുള്ള റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിതയെ 2022 സെപ്റ്റംബറിലാണ് കാണാതായത്. ദിവസങ്ങൾക്കുശേഷം ചീല കനാലിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. റിസോർട്ട് ഉടമ പുൽകിത് ആര്യയും മറ്റ് രണ്ട് പ്രതികളും കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കേസിൽ ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേരും ഉയർന്നിരുന്നു.
കുടുംബത്തിന്റെ പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽ പ്രവർത്തകർ ഇന്ത്യാ ഗേറ്റിലേക്ക് എത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ഗവർണർ നിയമനം തടയണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.