ന്യൂഡൽഹി: പേരു വെളിപ്പെടുത്താത്ത പാർട്ടി ഫണ്ടിങ് രീതിയായ ഇലക്ടറൽ ബോണ്ട് ഭരണഘടനവിരുദ്ധമെന്ന് വ്യക്തമാക്കി സുപ്രീംകോടതി അസാധുവാക്കിയതിന് പിന്നാലെ രഹസ്യ സ്വഭാവത്തോടെയുള്ള മറ്റൊരു പദ്ധതിയായ പി.എം കെയേഴ്സ് ഫണ്ടിനെ കുറിച്ചും ചോദ്യമുയർത്തി കോൺഗ്രസ്.
കോവിഡ് തുടക്കത്തിൽ തുടങ്ങിയ ഫണ്ട് എന്തിന് സ്ഥാപിച്ചുവെന്നോ ആരൊക്കെയാണ് ദാതാക്കളെന്നോ ‘സുതാര്യതയില്ലാതെ’ സൂക്ഷിക്കുന്നത് എന്തുകൊണ്ടെന്നോ വ്യക്തമല്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മറ്റാരുടെയും മേൽനോട്ടമില്ലാത്ത വേണ്ടുവോളം ഫണ്ട് ചെലവഴിക്കാൻ പ്രധാനമന്ത്രിയുടെ വശം ഉണ്ടാകുകയെന്ന ലക്ഷ്യത്തോടെയാണ് ഇതുമെന്ന് ‘ഇലക്ടറൽ ബോണ്ട് കുംഭകോണം’ തുറന്നുകാട്ടിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ‘ഇലക്ടറൽ ബോണ്ടുകൾ വഴി മോദി സർക്കാർ നടത്തിയ അഴിമതിയും പിടിച്ചുപറിയും ഭീഷണിപ്പെടുത്തലും ഞെട്ടിക്കുന്ന വിശദാംശങ്ങളുമായി പുറത്തുവരുമ്പോൾ സമാനമായി കമ്പനികൾക്ക് മുന്നിൽ തുറന്നിട്ട മറ്റൊരു മാർഗമായ പി.എം കെയേഴ്സും നാം മറന്നുപോകരുതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പി.എം കെയേഴ്സിൽ ലഭിച്ച മൊത്തം തുകയോ ദാതാക്കളോ പുറത്തുവന്നിട്ടില്ല. ചുരുങ്ങിയത് 12,700 കോടിയെങ്കിലും ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലയൻസ് ഗ്രൂപ് (500 കോടി), അദാനി ഗ്രൂപ് (100 കോടി), പേടി.എം (500 കോടി), ജെ.എസ്.ഡബ്ല്യു (100 കോടി) എന്നിങ്ങനെ പോകുന്നു പ്രമുഖരുടെ പട്ടിക. പി.എം കെയേഴ്സ് സി.എ.ജി പരിശോധനക്കും വിവരാവകാശരേഖക്കും പുറത്താണ്. ബജറ്റിൽ തുക അനുവദിക്കുന്നില്ലെന്നാണ് പറയുന്ന കാരണം. ചുരുങ്ങിയത് പൊതുമേഖലയിലെ 38 സ്ഥാപനങ്ങൾ ചേർന്ന് 2,105 കോടി രൂപ പി.എം കെയേഴ്സിന് നൽകിയിട്ടുണ്ട്. പൊതുമേഖല ജീവനക്കാരിൽനിന്ന് 150 കോടി വേറെയും ലഭിച്ചിട്ടുണ്ട്. ചൈനീസ് കമ്പനികളും സഹായം നൽകിയത് സംശയം ഉണർത്തുന്നതാണ്. ടിക് ടോക് 30 കോടിയും ഷവോമി 10 കോടിയും വാവെയ് ഏഴുകോടിയും വൺപ്ലസ് ഒരു കോടിയും നൽകിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.