ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിച്ചേക്കുമെന്ന് സൂചന. ഇന്നലെ സോണിയ ഗാന്ധിയെ സന്ദർശിച്ച തരൂർ മത്സരിക്കുന്ന കാര്യം വ്യക്തമാക്കി. മത്സരിക്കുന്ന കാര്യം തരൂർ ഉടൻ വെളിപ്പെടുത്തും.
രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബിഹാർ, തമിഴ്‌നാട്, ജമ്മു പി.സി.സികൾ പാസാക്കിയെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് അദ്ദേഹം. ഇതോടെയാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അശോക് ഗെഹ്‌ലോട്ട് നോമിനിയായത്. ഗെഹ്‌ലോട്ട് 26ന് നാമനിർദേശപത്രിക സമർപ്പിക്കും.
കോൺഗ്രസ് നേതാക്കളായ ജയപ്രകാശ് അഗർവാൾ, ദീപേന്ദർ ഹൂഡ, വിജേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് തരൂർ ഇന്നലെ സോണിയയെ കാണാൻ എത്തിയത്. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം നിഷ്പക്ഷത തുടരുമെന്ന് സോണിയ തരൂരിന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.
എന്നാൽ, നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിന്‍റെ പിന്തുണ ഉണ്ടാകൂവെന്ന് കെ. മുരളീധരൻ എം.പി പ്രതികരിച്ചു.
തരൂരിന്‍റെ സ്ഥാനാർഥിത്വം ഗൗരവത്തോടെ കാണുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. മത്സരിക്കാൻ തരൂർ ഒറ്റക്കെടുത്ത തീരുമാനമാണെന്നും പാർട്ടിയുമായി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.