‘നിരന്തര അപമാനവും വ്യക്തിഹത്യയും’; സ്ഥാനങ്ങൾ രാജിവെച്ച് കോൺ​ഗ്രസ് ദേശീയ വക്താവ്

ന്യൂഡൽഹി: പ്രാഥമിക അം​ഗത്വത്തിനൊപ്പം എല്ലാ സ്ഥാനങ്ങളും രാജിവെച്ച് കോൺ​ഗ്രസ് ദേശീയ വക്താവ് രോഹൻ ഗുപ്ത. വാർത്താ വിനിമയ വകുപ്പിലെ മുതിർന്ന നേതാവിൽ നിന്നും നിരന്തരമായ അപമാനവും വ്യക്തിഹത്യയും നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

വെള്ളിയാഴ്ച അഹമ്മദാബാദ് ഈസ്റ്റ് ലോക്‌സഭാ സീറ്റിൽ നിന്ന് രോഹൻ ​ഗുപ്ത സ്ഥാനാർത്ഥിത്വം പിൻവലിച്ചിരുന്നു. ഗുജറാത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു രോഹൻ ​ഗുപ്ത. പിന്നീട് 2004 ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.

ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയോടെ താൻ സത്യസന്ധതയോടും ആത്മാർഥതയോടും കൂടി പാർട്ടിയെ സേവിച്ചുവെന്നും സ്ഥാനാർത്ഥിത്വം പിൻവലിച്ച് വ്യക്തിപരമായ ആഗ്രഹങ്ങൾ മാറ്റിവച്ചത് തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണെന്നും രോഹൻ ​ഗുപ്ത കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെക്ക് നൽകിയ കത്തിൽ പരാമർശിച്ചിരുന്നു. പിതാവ് രോ​ഗബാധിതനായി മാനസിക പ്രയാസം നേരിടുന്ന സമയത്തും ദേശീയ നേതാവ് തനിക്കെതിരെ അപകീർത്തികരമായ കാമ്പയിൻ നടത്തിയെന്നും ഗുപ്ത പറഞ്ഞു. നേതാവിന്റെ പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജിക്കത്തിന് പുറമെ സമൂഹ മാധ്യമമായ ‘എക്സി’ൽ അദ്ദേഹം ഇത് സംബന്ധിച്ച് കുറിപ്പും പങ്കുവെച്ചിരുന്നു. അച്ഛന്റെ അവസാന നാളുകളിൽ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനായത് ജീവിതത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുണ്ടാക്കാൻ സഹായിച്ചുവെന്ന് ​ഗുപ്ത കുറിച്ചു. ‘നാൽപത് വർഷമായി ജീവിതത്തിൽ നേരിട്ട വിശ്വാസവഞ്ചനയുടെയും അട്ടിമറിയുടെയും കഥകളാണിത്. ദുഷ്ടരായ നേതാക്കൾ രക്ഷപ്പെടുകയാണ്. താൻ ഒന്നിനേയും ഭയപ്പെടുന്നില്ല. വിനയം ബലഹീനതയായി കാണരുത്. ധാർഷ്ട്യവും പരുഷവുമായ പെരുമാറ്റം കൊണ്ട് കോൺഗ്രസ് പാർട്ടിയെയും അതേ നേതാവ് തന്നെ തകർത്തെന്നും ഗുപ്ത കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി മുന്നോട്ടുവെച്ച ജാതി സെൻസസ് വാ​ഗ്ദാനത്തെ വിമർശിച്ച് മുതിർന്ന നേതാവ് ആനന്ദ് ശർമ രം​ഗത്തെത്തിയതിന് പിന്നാലെയാണ് ​ഗുപ്തയുടെ രാജി. കോൺഗ്രസ് ഒരിക്കലും സ്വത്വ രാഷ്ട്രീയത്തിൽ ഏർപ്പെടുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ജനാധിപത്യത്തിന് അത് ഹാനികരമാണെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെക്ക് അയച്ച കത്തിൽ ശർമ എഴുതിയിരുന്നു.

Tags:    
News Summary - Congress national spokesperson leaves party citing constant humiliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.