ന്യൂഡല്‍ഹി: വോട്ട് കൊള്ളക്കെതിരെ മോദി സർക്കാറിനെ വിമർശിക്കുന്ന കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പുതിയ ആരോപണവുമായി ബി.ജെ.പി. കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേരക്ക് രണ്ട് തിരിച്ചറിയൽ കാർഡ് ഉണ്ടെന്നാണ് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആരോപിക്കുന്നത്. കോൺഗ്രസിന്‍റെ വോട്ട് കൊള്ള മികച്ച നിലയിലാണെന്ന് പരിഹസിച്ച മാളവ്യ, രണ്ട് തിരിച്ചറിയൽ കാർഡ് എന്ന ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളും പുറത്തുവിട്ടു.
ന്യൂഡൽഹി, ജംഗ്പുര എന്നീ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ പവൻ ഖേരയുടെ പേര് ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന രേഖകളാണ് എക്സിലൂടെ പുറത്തുവിട്ടത്. 'വോട്ട് കൊള്ളയെന്ന് പുരപ്പുറത്ത് കയറി രാഹുൽ ഗാന്ധി വിളിച്ചു കൂവുന്നു. ഗാന്ധിമാരുമായി അടുത്ത ബന്ധം പുലർത്താനുള്ള ഒരവസരവും പാഴാക്കാത്ത ഖേരക്കാകട്ടെ രണ്ട് തിരിച്ചറിയൽ കാർഡ് ഉണ്ട്' - അമിത് മാളവ്യ എക്സിൽ കുറിച്ചു.
അതേസമയം, ആരോപണത്തോട് പ്രതികരിച്ച പവൻ ഖേര, വോട്ടര്‍ പട്ടികയുടെ സമഗ്രത നിലനിര്‍ത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടെന്ന് അമിത് മാളവ്യയുടെ പ്രതികരണത്തിലൂടെ സമ്മതിച്ചിരിക്കുകയാണെന്ന് എക്സിൽ കുറിച്ചു. ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിനിടെ തനിക്കെതിരെ മാളവ്യ നടത്തിയ നീക്കം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. അദ്ദേഹത്തിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമീഷനെ തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നതെന്നും ഖേര ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയും കോൺഗ്രസും ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തെ പ്രതിരോധിക്കാനായി, ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ചേർത്തുവെന്ന ആരോപണം കഴിഞ്ഞ ആഗസ്റ്റിൽ ബി.ജെ.പി ഉയർത്തിയിരുന്നു. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മൂന്നു മാസം മുമ്പ് 1980ൽ വോട്ടർപട്ടികയിൽ പേര് ചേർത്തതെന്നാണ് ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്‍റെ ആരോപണം. ബി.ജെ.പി ഐ.ടി സെൽ ചീഫ് അമിത് മാളവ്യ എക്സ് പോസ്റ്റിൽ പങ്കുവെച്ച 1980ലെ പോളിങ് സ്റ്റേഷനിൽ നിന്നുള്ള ഇലക്ട്രറൽ റോളിന്‍റെ പകർപ്പാണ് ആരോപണത്തിന് താക്കൂർ ചൂണ്ടിക്കാട്ടിയത്.
സഫ്ദർ റോഡിലെ 145 നമ്പർ പോളിങ് സ്റ്റേഷനിൽ നിന്നുള്ള ഇലക്ട്രറൽ റോളിൽ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി എന്നിവരുടെ പേരുകൾക്കൊപ്പം സോണിയ ഗാന്ധിയുടെ പേരുള്ളതായി കാണാം. ആ സമയത്തും സോണിയ ഇറ്റാലിയൻ പൗരയായിരുന്നുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
1947ൽ ഇറ്റലിയിൽ ജനിച്ച സോണിയ രാജീവ് ഗാന്ധിയെ വിവാഹം ചെയ്തതിന് പിന്നാലെ 1968ലാണ് ഇന്ത്യയിലെത്തുന്നത്. 1950ലെ റെപ്രസെന്‍റേഷൻ ഓഫ് പീപ്പിൾ ആക്ട് പ്രകാരം ഇന്ത്യൻ പൗരത്വമില്ലാത്ത ഒരാൾക്ക് ഇലക്ട്രറൽ റോളിൽ പേര് ചേർക്കാൻ കഴിയില്ല.1980 ജനുവരി ഒന്നിന് ന്യൂഡൽഹി പാർലമെന്‍റ് മണ്ഡലത്തിലെ ഇലക്ട്രറൽ റോൾ പുതുക്കി.
അതിൽ സോണിയയുടെ പേര് 145ാം നമ്പർ പോളിങ് സ്റ്റേഷനിലെ 388ാം നമ്പറിൽ ചേർത്തുവെന്ന് മാളവ്യ ആരോപിച്ചു. 1982ൽ പേര് നീക്കം ചെയ്ത് 1983ൽ വീണ്ടും കൂട്ടിച്ചേർത്തുവെന്ന് അദ്ദേഹം ആരോപിച്ചു. 1983 ഏപ്രിൽ 30നാണ് സോണിയക്ക് പൗരത്വം ലഭിക്കുന്നത്. എന്നാൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് ജനുവരി ഒന്നിനും.
അതേസമയം, ബി.ജെ.പി ആരോപണം തള്ളിയ കോൺഗ്രസ് നേതാവ് താരിഖ് അൻവർ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആരുടെയും സോണിയ ഗാന്ധി കാലുപിടിച്ചിട്ടില്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ സ്വമേധയാ ചേർത്തതാണെന്നും അതിന് കമീഷനാണ് ഉത്തരവാദിയെന്നും അൻവർ പറഞ്ഞു.
സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ സ്വയമേയാണ് തീരുമാനങ്ങൾ എടുക്കുക. എന്നാൽ, ഇന്ന് തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ ഭാഗമായി മാറിയിരിക്കുന്നു. അതിൽ നിന്ന് കമീഷൻ പുറത്തുവന്ന് സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും താരിഖ് അൻവർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.