അജയ് റായ്, ടോം വടക്കൻ
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ സംബന്ധിച്ച് സൈനീക മേധാവികളുടേത് പരസ്പര വിരുദ്ധമായ പ്രസ്താവനയെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. മെയ് മാസത്തിൽ നാലുദിവസം നീണ്ട ദൗത്യത്തിനിടെ ഇന്ത്യ യു.എസ്, ചൈനീസ് നിർമിത ജെറ്റുകൾ വെടിവെച്ചിട്ടതായി എയർ ചീഫ് മാർഷൽ എ.പി.സിങ് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു അജയ് റായിയുടെ പരാമർശം.
ഇതിന് പിന്നാലെ, ഓപറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം സംയമനം പാലിച്ചെന്നും അതിർത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്‍താൻ പ്രോത്സാഹിപ്പിച്ചാൻ ഇനി അതാവില്ല നിലപാടെന്നും സൈനീക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും മുന്നറിയിപ്പ് നൽകിയിരുന്നു.
‘രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ആവർത്തിച്ചുള്ള ഈ വിശദീകരണങ്ങൾ, എന്തോ കുഴപ്പമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പ്രതിരോധ മേധാവി ഒരു പ്രസ്താവന നൽകുന്നു, അതിനിടെ കരസേനാ മേധാവി വ്യത്യസ്തമായ മറ്റൊരു പ്രസ്താവന നൽകുന്നു. ഇതെല്ലാം ദൗത്യവുമായി ബന്ധപ്പെട്ട് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന സംശയം ജനിപ്പിക്കുന്നു. ഗൗരവമേറിയ എന്തൊക്കെയോ കാര്യങ്ങൾ നടക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് എല്ലാകാര്യങ്ങളും വ്യക്തമാക്കാൻ പ്രധാനമന്ത്രി തയ്യാറാവണം.’- അജയ് പറഞ്ഞു.
രാജ്യത്തിന്റെ സൈനികരെ ഏറെ ബഹുമാനത്തോടെയാണ് കോൺഗ്രസ് നോക്കിക്കാണുന്നതെന്നും അജയ് റായ് പറഞ്ഞു. ജീവൻ പണയപ്പെടുത്തി രാജ്യത്തെ സേവിക്കുന്നവരാണ് സൈനീകർ. ഭാരതമാതാവിനെ സേവിക്കുന്നവർ. അതുകൊണ്ട് അവരോട് അതിയായ ബഹുമാനമുണ്ട്. എന്നാൽ, നിലവിലെ കാര്യങ്ങളിൽ വ്യക്തത ആവശ്യമാണെന്നും റായ് പറഞ്ഞു.
അതേസമയം, അജയ് റായിയുടേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് കാണിച്ച് ബി.ജെ.പിയും രംഗത്തെത്തി. രാഹുൽ ഗാന്ധി കൊളംബിയൻ സന്ദർശനത്തിനിടെ നൽകുന്ന ഉത്തരവുകൾ സ്വീകരിക്കുകയാണ് റായി ചെയ്യുന്നതെന്ന് ബി.ജെ.പി വക്താവ് ടോം വടക്കൻ പറഞ്ഞു.
‘ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് എല്ലാ സൈനിക മേധാവികൾക്കും ഒരേ നിലപാടാണ്. കോൺഗ്രസിന് എന്ത് വിവരമാണ് വേണ്ടത്? കൊളംബിയയിൽ നിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അവർ സായുധ സേനയുടെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വിജയകരമായ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു ഓപ്പറേഷൻ സിന്ദൂർ. നാശനഷ്ടങ്ങൾ വളരെ വലുതാണ്. പാകിസ്താന് എവിടേക്ക് ഓടണമെന്ന് അറിയില്ല,’-ടോം വടക്കൻ പറഞ്ഞു.
പ്രതിരോധ സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടിൽ നിന്ന് കോൺഗ്രസ് പിൻമാറണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ തകർക്കാൻ നടത്തിയ ശ്രമത്തിന് പിന്നാലെ ഇപ്പോൾ കോൺഗ്രസ് പുതിയ ആഖ്യാനം നിർമിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.